ചെന്നെെ: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ മതഭീകരർ ലക്ഷ്യമിട്ടത് ശ്രീലങ്കൻ മോഡൽ ആക്രമണമായിരുന്നു എന്ന് സൂചനകൾ. ഇതു സംബന്ധിച്ചുള്ള അന്വേഷണം കേരളത്തിലേക്കും എത്തിയിരിക്കുകയാണ്. മനുഷ്യ ബോംബായി കൊല്ലപ്പെട്ട മുബീന് വിയ്യൂർ ജയിലിൽ കഴിയുന്ന മുഹമ്മദ് അസറുദീൻ എന്നയാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കോയമ്പത്തൂർ നിന്നുള്ള അന്വേഷണ സംഘം തൃശൂരിലെത്തിയിരിക്കുന്നത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എൻഐഎ ഉദ്യോഗസ്ഥരും തമിഴ്നാട് പൊലീസിൻ്റെ അന്വേഷണ സംഘവുമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. ലോകം മുഴുവൻ പടർന്നു കിടക്കുന്ന മതഭീകരതയുടെ വേരുകൾ ഭീതിപടർത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. 

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ 2019ലാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ അറസ്റ്റിലാവുന്നത്. ഈസ്റ്റർ സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ പിടികൂടിയത്. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്നത് പോലെ ദീപാവലിക്ക് സ്ഫോടനം നടത്താനാണോ മുബീൻ ലക്ഷ്യമിട്ടതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ഇതര മതസ്ഥരുടെ മതാഘോഷങ്ങളിൽ രക്തം ചീന്തുക എന്ന ലക്ഷ്യമാണ് ശ്രീലങ്ക- കോയമ്പത്തൂർ സ്ഫോടനങ്ങൾക്കു പി്ന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. 

കേരളത്തെ ജയിലിൽ കഴിയുന്ന ഇയാളെ എപ്പോഴെങ്കിലും സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ വന്നു കണ്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനായാണ് അന്വേഷണ ഉദ്യോഗസ്ഥർ വിയ്യൂരിൽ എത്തിയത്. ജയിലിലെത്തിയ ഉദ്യോഗസ്ഥർ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഓരോ ചെറിയ കാര്യങ്ങൾ പോലും അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. മുബീൻ്റെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം ഈ സാഹചര്യത്തിലേക്ക് നീങ്ങിയതും സംസ്ഥാനവും അതിൻ്റെ ഭാഗമായതും.