മുംബൈ: പതിനഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു വൈദികരുടെപേരില്‍ കേസെടുത്തു. പുണെയിലാണ് സംഭവം. പോക്‌സോ പ്രകാരമാണ് കേസെടുത്തത്.

ഫാദര്‍ വിന്‍സെന്റ് പെരേര (56), പുണെ രൂപത ബിഷപ്പ് തോമസ് ദാബ്രെ (77), ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് (70) എന്നിവര്‍ക്കെതിരേയാണ് കേസ്. സംഭവത്തിനുശേഷം കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഫാദര്‍ വിന്‍സെന്റ് പെരേര ഒളിവിലാണെന്ന് പുണെ പോലീസ് പറഞ്ഞു.

മറ്റൊരു ലൈംഗികാരോപണക്കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഫാദര്‍ പെരേര കുട്ടിയെ ഉപദ്രവിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വീട് സന്ദര്‍ശിച്ച് ഫാദര്‍ 15-കാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചതിനാണ് മറ്റു രണ്ടുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

പുണെ രൂപത ബിഷപ്പ് തോമസ് ദാബ്രെയില്‍നിന്ന് സഹായം തേടിയതായും ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസുമായി ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. ഞങ്ങളുടെ കുട്ടിക്ക് നീതി ലഭിക്കാന്‍ പള്ളിമേധാവികള്‍ ഞങ്ങളെ രക്ഷിക്കാന്‍ വന്നില്ല. കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കാനാണ് ബിഷപ്പും ആര്‍ച്ച് ബിഷപ്പും ശ്രമിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

ഒന്നാംപ്രതിയായ ഫാദര്‍ വിന്‍സെന്റ് മറ്റൊരു ലൈംഗികാരോപണക്കേസില്‍ പോക്‌സോ നിയമപ്രകാരം 18 മാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ സെയ്ന്റ് പാട്രിക്‌സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായിരിക്കെ എട്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ചതാണ് കേസ്. കുട്ടിയെ അശ്ലീലവീഡിയോകള്‍ കാണിക്കുകയും മര്‍ദിച്ചുവെന്നുമായിരുന്നു ആരോപണം.