വാഷിങ്ടണ്‍: അമേരിക്കയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കുഴിച്ചിട്ടു. വാഷിങ്ങ്ടണിലാണ് സംഭവം. 42-കാരിയായ യോങ്ങ് സൂക്ക് ആനിനെയാണ് ഭര്‍ത്താവ് ക്രൂരമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷം വനപ്രദേശത്ത് ജീവനോടെ കുഴിച്ചുമൂടിയത്. പിന്നീട് യുവതി കുഴിയിലെ മണ്ണു മാറ്റി അത്ഭുതകരമായി രക്ഷപ്പെട്ടു.

യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോകുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശേഷം കൈകാലുകള്‍ ടേപ്പുകൊണ്ട് ബന്ധിച്ച് കാടിനുള്ളില്‍ കുഴിച്ചു മൂടുകയായിരുന്നു. ശബ്ദം പുറത്തു വരാതെയിരിക്കാന്‍ മുഖവും ടേപ്പ് കൊണ്ട് ചുറ്റിവരിഞ്ഞു. കുറച്ചു സമയത്തിന് ശേഷം ബോധം വീണ്ടടുത്ത യുവതി ശ്രമകരമായി കുഴിയിലെ മണ്ണു മാറ്റി പുറത്തെത്തി. ഇതിനകം കയ്യില്‍ കിടന്ന സ്മാര്‍ട്ട് വാച്ചിലൂടെ പോലീസിനെ വിളിക്കുകയും ചെയ്തു. സമീപത്തെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരുന്ന യുവതിയെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി.

സംഭവത്തില്‍ യോങ്ങിന്റെ ഭര്‍ത്താവ് ചായ് ക്‌യോങ്ങ് ആനിനെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ തമ്മില്‍ അകന്നു കഴിയുകയായിരുന്നെന്നും വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കേസ് നടക്കുകയാണെന്നും പോലീസ് പറയുന്നു. ഇയാള്‍ യുവതിയോട് പണം ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതിലുള്ള പ്രതികാരമായാണ് യുവതിയോട് ക്രൂരത കാട്ടിയതെന്നാണ് പോലീസ് പറയുന്നത്.

പ്രതി പോലീസ് കസ്റ്റഡിയിലാണുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ശാരീരിക ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.