ടെഹ്‌റാന്‍: ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സിയുടെ ഔദ്യോഗിക ഇ-മെയില്‍ സംവിധാനത്തിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് ആരോപണം. രാജ്യത്തിന്റെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ അനുബന്ധ സ്ഥാപനത്തിന്റെ ഇ-മെയില്‍ സെര്‍വര്‍ ഒരു വിദേശ രാജ്യത്ത് നിന്ന് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ചില വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ടുവെന്നും മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ കര്‍ശനമായ ഇസ്ലാമിക് ഡ്രസ് കോഡ് പാലിച്ചില്ലെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയില്‍ മരിച്ച 22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാന്‍ വന്‍ പ്രതിഷേധം നേരിടുന്ന സമയത്താണ് ആണവോര്‍ജ്ജ ഏജന്‍സിയുടെ ഇ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്. മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് പരസ്യപ്രതിഷേധം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഡസന്‍ കണക്കിന് ജനങ്ങളാണ് പ്രതിഷേധങ്ങള്‍ക്കിടെ സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് പ്രകടനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇറാന്റെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷനെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ‘ബ്ലാക്ക് റിവാര്‍ഡ്’ എന്ന് ഹാക്കിംഗ് ഗ്രൂപ്പ് ഏറ്റെടുത്തു. ‘ബ്ലാക്ക് റിവാര്‍ഡ്’ എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇറാനിയന്‍ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്ക് ചെയ്തതെന്നും അറിയിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ എല്ലാ തടവുകാരെയും ആളുകളെയും 24 മണിക്കൂറിനുള്ളില്‍ വിട്ടയച്ചില്ലെങ്കില്‍ ടെഹ്റാന്‍ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ‘ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഈ നിയമവിരുദ്ധമായ ശ്രമങ്ങള്‍ നടത്തുന്നത്,’ സംഘടന പറഞ്ഞു.

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് സംഘം ആവശ്യപ്പെടുകയും ഇറാന്റെ റഷ്യന്‍ പിന്തുണയുള്ള ബുഷെഹറിലെ ആണവ നിലയവുമായി ബന്ധപ്പെട്ട 50 ജിഗാബൈറ്റ് ആന്തരിക ഇമെയിലുകളും കരാറുകളും നിര്‍മ്മാണ പദ്ധതികളും ചോര്‍ത്തിയതായും ഫയലുകള്‍ ടെലിഗ്രാം ചാനലില്‍ പങ്കിട്ടതായും പറഞ്ഞു.

തെക്കന്‍ തുറമുഖ നഗരമായ ബുഷെറില്‍ രാജ്യത്തെ ഏക ആണവ നിലയം നടത്തുന്ന കമ്പനി ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനത്തിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയെന്ന് ഇറാന്റെ സിവില്‍ ആണവ വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ തകരാറിലാക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ ഇറാന്‍ മുമ്പ് അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തിയിരുന്നു.