ബെം​ഗളൂരു: യുവതി ചെരിപ്പൂരി അടിച്ചതിന്റെ പ്രതികാരം തീർക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി. കർണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് സംഭവം. കൊണ്ടപ്പ ലേഔട്ടില്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ (33) ആണ് കൊല്ലപ്പെട്ടത്. തന്നെ ശല്യം ചെയ്ത ഒരു കൂട്ടം അക്രമികളെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പൂരി അടിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

വീടിന്റെ ടെറസ്സില്‍ നില്‍ക്കുകയായിരുന്ന ചന്ദ്രശേഖറിനെ ആന്ധ്രാപ്രദേശിലെ ഹിന്ദുപുരില്‍ നിന്നും വന്ന അക്രമികള്‍ കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ചന്ദ്രശേഖറും ഭാര്യയും ഹിന്ദുപുരിലെ പെഡിഹട്ടി ഗ്രാമത്തില്‍ നിന്നും ആറ് മാസം മുമ്പാണ് ബെം​ഗളൂരുവിലേക്ക് താമസം മാറിയത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. തന്നെ ശല്യം ചെയ്ത സംഘത്തിനെതിരെ ശ്വേത പോലീസില്‍ പരാതി നല്‍കിയിരുന്നു.

യുവതിയും സംഘവും തമ്മിലുള്ള പ്രശ്‌നം പോലീസ് സ്റ്റേഷനില്‍വച്ച് ഒത്തുതീര്‍പ്പാക്കിയശേഷം കാലിലെ ചെരുപ്പൂരി അക്രമികളെ അടിക്കാന്‍ യുവതിയോട് പോലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതി ചെരുപ്പൂരി അടിച്ചത്. ഇതിനുശേഷമാണ് ദമ്പതിമാർ ബെം​ഗളൂരുവിലേക്ക് താമസം മാറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.