സൈപ്രസ് (ടെക്സസ്): കൗമാരക്കാരായ ഇരട്ടക്കുട്ടികളെ വീട്ടിലെ ലോണ്ടറിയിൽ കൈകള്‍ ബന്ധിച്ച് പട്ടിണിക്കിട്ട മാതാവ് സൈക്കിയ ഡങ്കനെ (40) അറസ്റ്റ് ചെയ്തു. ഇവരെ ലൂസിയാന ബാറ്റൺ റഗിലുള്ള ജയിലിലടച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ഹൂസ്റ്റണിലെ സൈപ്രസ് പ്രദേശത്തെ വീടുകളിലാണ് രാവിലെ 5.30ന് കുട്ടികൾ സഹായഭ്യർഥനയുമായി എത്തിയത്. നഗ്നപാദരായി, ആവശ്യമായ വസ്ത്രങ്ങൾ ഇല്ലാതെ, കൈകള്‍ ബന്ധിച്ചിരുന്ന ചങ്ങല പൊട്ടിച്ച നിലയില്‍ ഓരോ വീടിന്റേയും വാതിലിൽ ഇവർ മുട്ടിയത്. ഇരട്ടകളിലെ പെൺകുട്ടി പ്ലാസ്റ്റിക് ഗ്രോസറി ബാഗ് കൊണ്ടാണു തന്റെ മാറു മറച്ചിരുന്നത്.

കുട്ടികളുടെ നിസ്സഹായവസ്ഥ കണ്ടു വാതിൽ തുറന്ന ഒരു വീട്ടുടമസ്ഥയോട് “ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാനല്ല, അഭയം തേടിയാണ് എത്തിയത്” എന്ന് ഇരുവരും പറഞ്ഞു. കൈകളില്‍ വിലങ്ങുമായി നില്‍ക്കുന്ന പെണ്‍കുട്ടി വിറയ്ക്കുകയായിരുന്നു എന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വീട്ടുടമസ്ഥ പറഞ്ഞു. മാതാവ് തങ്ങളെ വിലങ്ങുവച്ച് ആഹാരം പോലും നൽകാതെ ലോണ്ടറി മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും, വിലങ്ങു പൊട്ടിച്ചു പുറത്തു ചാടുകയായിരുന്നുവെന്നും കുട്ടികൾ പറഞ്ഞു.

ഇരട്ടകളെ കൂടാതെ അഞ്ചു കുട്ടികള്‍ ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. മാതാവിനെ അറസ്റ്റ് ചെയ്തതോടെ ഏഴു പേരേയും ശിശു സം‌രക്ഷണ ഏജന്‍സിയുടെ കസ്റ്റഡിയിൽ വിട്ടുകൊടുത്തതായി അധികൃതർ പറഞ്ഞു. അറസ്റ്റ് ചെയ്ത 40 കാരി ഇതിനു മുമ്പും ചൈൽഡ് അബ്യൂസ് കേസിൽ പ്രതിയായിരുന്നുവെന്നു പോലീസ് പറയുന്നു.