ഷിക്കാഗോ: നവംബർ 8ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇല്ലിനോയ്സ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന ജെ. ബി. പ്രിറ്റ്സ്ക്കറിന് മുൻ പ്രസിഡന്റ് ബറാക് ഒബാമ പിന്തുണ പ്രഖ്യാപിച്ചു. ഒബാമയ്ക്കു നിർണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഷിക്കാഗോ. ഗർഭഛിദ്രം, വോട്ടവകാശം തുടങ്ങിയ ദേശീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച ഗവർണർ പ്രിറ്റ്സ്ക്കര്‍, ഡമോക്രാറ്റിക് പാർട്ടിയുടെ ദേശീയ നേതാവാണെന്നു ഒബാമ പറഞ്ഞു.

ഷിക്കാഗോയിൽ ഒക്ടോബർ 21 വെള്ളിയാഴ്ച സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചരണ സമ്മേളനത്തിൽ ഒബാമ, പ്രിറ്റ്സ്ക്കറിന് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നു പറഞ്ഞു. നിങ്ങൾ എന്നെ വിശ്വസിക്കുന്നുണ്ടെങ്കിൽ ഗവർണറേയും വിശ്വസിക്കണമെന്നും അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്ത ആയിരങ്ങളോടു അഭ്യർഥിച്ചപ്പോൾ ഹർഷാരവത്തോടെയാണു അവർ അതു സ്വീകരിച്ചത്.

2018ലെ തിരഞ്ഞെടുപ്പിലും ഒബാമ പ്രിറ്റ്സ്ക്കറെ പിന്തുണച്ചിരുന്നു. ഗവർണർ നേരിടുന്നത് റിപ്പബ്ലിക്കൻ പാർട്ടിയിലെ കരുത്തനായ നേതാവ് സ്റ്റേറ്റ് സെനറ്റർ ഡാരൻ ബെയ്‍ലിയെയാണ്. ബെയ്‌ലിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലെത്തുന്ന ജനക്കൂട്ടം പ്രിറ്റ്സർക്ക് വലിയ ഭീഷണിയാണ്.

പ്രസിഡന്റായിരിക്കുമ്പോൾ ഒബാമയുടെ പ്രത്യേക പരിഗണ ലഭിച്ചിരുന്ന സംസ്ഥാനമാണ് ഷിക്കാഗോ. ഡമോക്രാറ്റിക് പാർട്ടിയുടെ ലീഡ് ഓരോ തിരഞ്ഞെടുപ്പു കഴിയുംതോറും വർധിച്ചുവരികയാണ്. ഇത്തവണയും പ്രിറ്റ്സ്ക്കർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രണ്ടു ഫുൾടേം ഗവർണർ പദവി ലഭിക്കുന്ന ഗവർണർ എന്ന സ്ഥാനവും ലഭിക്കും.