ന്യൂജെഴ്സി: ഒക്ടോബര്‍ 14-ന് കാണാതായ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനി മിസ്‌റാച്ച് എവുനെറ്റിയെ (20) കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

2024-ൽ ബിരുദധാരിയാകേണ്ട എവൂനെറ്റിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂളിലെ ടെന്നീസ് കോർട്ടുകൾക്ക് പിന്നിൽ ഒരു ഫെസിലിറ്റി ജീവനക്കാരനാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് ന്യൂജെഴ്സി മെര്‍സര്‍ കൗണ്ടി പ്രൊസിക്യൂട്ടര്‍ ഓഫീസ് പറഞ്ഞു. മൃതദേഹത്തില്‍ പരിക്കിന്റെ വ്യക്തമായ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും, മരണത്തില്‍ അസ്വാഭിവകതയൊന്നും കണ്ടെത്താനായില്ലെന്നും പ്രൊസിക്യൂട്ടര്‍ ഓഫീസ് പറഞ്ഞു.

ഒക്‌ടോബർ 14 വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് കാമ്പസിലെ ഒരു ഡോർമിറ്ററി കെട്ടിടമായ സ്‌കല്ലി ഹാളിന് സമീപം എവുനെറ്റിയെ അവസാനമായി കണ്ടവരുണ്ട്. എന്നാല്‍, ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന് പറഞ്ഞ് എവുനെറ്റിയുടെ കുടുംബം ഞായറാഴ്ച യൂണിവേഴ്സിറ്റിയുടെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രദേശത്തുള്ള തടാകത്തിലും, പരിസര പ്രദേശങ്ങളിലും എവുനെറ്റിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. പോലീസ് പൊതുജനങ്ങളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചിരുന്നു. അപ്രത്യക്ഷമായ ദിവസം തന്നെ വിദ്യാര്‍ത്ഥിനിയുടെ സെല്‍ഫോണ്‍ സമീപ സ്ഥലത്തു കണ്ടെത്തിയിരുന്നു.

ഐത്യോപ്യയില്‍ നിന്നും 2008 ലാണ് എവുനെറ്റി മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തുന്നത്. ഒഹായോ ഹൈസ്‌ക്കൂളില്‍ നിന്നും വലിഡിക്ടോറിയനായാണ് ഗ്രാജ്വേറ്റ് ചെയ്തത്. പഠനത്തില്‍ മിടുക്കിയായിരുന്നു എന്നും പറയപ്പെടുന്നു.