ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണു. അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപമാണ് സംഭവം. എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ആണ് തകർന്നത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. 

ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ആക്രമണ ഹെലികോപ്ടറാണ് രുദ്ര. ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറിന്റെ വെപ്പൺ സിസ്റ്റം ഇന്റഗ്രേറ്റഡ് വേരിയന്റാണിത്.

ട്യൂട്ടിംഗ് ആസ്ഥാനത്ത് നിന്നും 25 കിലോമീറ്റർ അകലെയാണ് സംഭവം. ഇവിടേയ്ക്ക് റോഡ് യാത്ര സാദ്ധ്യമല്ല. രക്ഷാ സംഘത്തെ അപകടം നടന്ന സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഗുവാഹത്തിയിലെ ഡിഫൻസ് പിആർഒ അറിയിച്ചു.