ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പുകേസ് പ്രതി നീരവ് മോദിയുടെ 500 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡിക്ക് അനുമതി നൽകി മുംബൈ സ്പെഷൽ കോടതി. നീരവ് മോദിയുടെ 39 സ്വത്തുവകകളാണ് കണ്ടുകെട്ടുക. എഫ്.ഇ.ഒ ആക്ട് പ്രകാരം നീരവ് മോദിയുടെ 929 കോടി വിലമതിക്കുന്ന 48 സ്വത്തുവകകൾ കണ്ടുകെട്ടാൻ അനുമതി തേടി ഇ.ഡി കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ ഇവയിൽ ഒമ്പതെണ്ണം പഞ്ചാബ് നാഷനൽ ബാങ്കിൽ പണയം വെച്ചതിനാൽ അവ കണ്ടെടുക്കാൻ കഴിയില്ല. നേരത്തെ, നീരവ് മോദിയുടെ ഹോങ്കോങ് ആസ്ഥാനമായ കമ്പനികളുടെ ബാങ്ക് നിക്ഷേപം ഉൾപ്പെടെ 253.62 കോടി രൂപ കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചിരുന്നു. 2019 ഡിസംബർ അഞ്ചിനാണ് കോടതി സാമ്പത്തിക കുറ്റവാളിയായി നീരവ് മോദിയെ പ്രഖ്യാപിച്ചത്.

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,000കോടി തട്ടിപ്പ് നടത്തി വജ്രവ്യാപാരിയായ നീരവ് മോദി 2018ൽ ഒളിവിൽപോവുകയായിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസിലും ബാങ്ക് വായ്പ തട്ടിപ്പ് കേസിലും ഇ.ഡിയും സി.ബി.ഐയും നീരവ് മോദിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി.