യുക്രെയ്നിലെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിന് യുഎസ് പ്രതിരോധ വകുപ്പിൽ നിന്ന് ഒരു ധനസഹായവും ലഭിച്ചിട്ടില്ലെന്ന് ടെസ്ല സിഇഒ എലോൺ മസ്‌ക്. യുക്രെയ്‌നിലെ മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് നെറ്റ്വർക്കിന് പണം നൽകുന്നത് പെന്റഗൺ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണിത്.

ഒരു ട്വീറ്റിനുള്ള മറുപടിയിൽ, തന്റെ റോക്കറ്റ് കമ്പനിയായ സ്പേസ് എക്സിന് പ്രതിമാസം ഏകദേശം 20 മില്യൺ ഡോളർ നഷ്ടമാകുന്നുണ്ടെന്ന് മസ്‌ക് പറഞ്ഞു. എന്നിരുന്നാലും യുക്രെയ്‌ന് ഇന്റർനെറ്റ് സേവനം നൽകുന്നത് തങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർലിങ്ക് പ്രവർത്തനങ്ങൾ സാമ്പത്തികമായി ലാഭകരമല്ലെന്ന് മസ്‌ക് അവകാശപ്പെടുകയും യുഎസ് സർക്കാരിനോട് ഇടപെടാൻ അഭ്യർത്ഥിക്കുകയും ചെയ്തതായി ഒരു സിഎൻഎൻ റിപ്പോർട്ട് പറഞ്ഞതിന് ശേഷമാണ് ഇത്.

മസ്‌കിന്റെ സ്പേസ് എക്സ് കഴിഞ്ഞ മാസം പെന്റഗണിന് ഒരു കത്ത് അയച്ചതായി സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്നിന് കൂടുതൽ ടെർമിനലുകൾ സംഭാവന ചെയ്യാനോ നിലവിലുള്ള ടെർമിനലുകൾക്ക് ധനസഹായം നൽകാനോ കഴിയില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പിന്നാലെ മസ്‌കിന്റെ ട്വീറ്റുമെത്തി. സ്പേസ് എക്സ് നഷ്ടങ്ങൾക്കിടയിലും സേവനങ്ങൾക്ക് ധനസഹായം നൽകുമെന്ന് മസ്‌ക് ട്വിറ്ററിൽ കുറിച്ചു.