ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദില്‍ ഡല്‍ഹി സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. വാഹനത്തിനുള്ളില്‍ വെച്ച് അഞ്ച് പേര്‍ ചേര്‍ന്ന് 40കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗാസിയാബാദിലെ ആശ്രമ റോഡിന് സമീപം ഒരു യുവതി കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്തെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നിന്ന് തന്നെ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബലാത്സംഗമെന്ന് ഗാസിയാബാദ് പോലീസ് സൂപ്രണ്ട് നിപുണ്‍ അഗര്‍വാള്‍ അറിയിച്ചു. പ്രതികളായ അഞ്ച് പേരെയും യുവതിക്ക് അറിയാം. സ്വത്ത് തര്‍ക്കം സംബന്ധിച്ച കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുവതിയെ രണ്ട് ദിവസത്തോളം പീഡിപ്പിച്ചതായും സ്വകാര്യ ഭാഗങ്ങളില്‍ കമ്പ് കയറ്റിയെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു. വഴിയരികില്‍ കണ്ടെത്തുമ്പോള്‍ സ്വകാര്യ ഭാഗത്ത് കമ്പ് ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഈ ആരോപണം പോലീസ് നിഷേധിച്ചു. അതേസമയം ഒരു ടങ് ക്ലീനര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരനാണ് യുവതിയെ ഗാസിയാബാദിലെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയത്. പിന്നാലെ അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. നന്ദ്ഗ്രാം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.