ബെംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ്-ബിജെപി രാഷ്ട്രീയ പോര് കര്‍ണാടകയില്‍ തുടരുകയാണ്. കര്‍ണാടക കോണ്‍ഗ്രസ് ബുധനാഴ്ച ‘SayCM’ വെബ്‌സൈറ്റും QR കോഡും പുറത്തിറക്കി. 2018ല്‍ നല്‍കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ 90 ശതമാനവും പാലിക്കാത്തതില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും ബിജെപി സര്‍ക്കാരിനെയും പരിഹസിച്ചും ചോദ്യശരങ്ങള്‍ ഉന്നയിച്ചുമാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. 

Saycm.com എന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്തുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് ബുധനാഴ്ച ‘SayCM’ ക്യാമ്പയിന്‍ ആരംഭിച്ചു. 2018ല്‍ നല്‍കിയ 600 പ്രകടനപത്രിക വാഗ്ദാനങ്ങളില്‍ 90 ശതമാനവും പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും ബിജെപി സര്‍ക്കാരിനെയും ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ”സേ സിഎം” ക്യുആര്‍ കോഡ് ആരംഭിച്ചു. ”പേ സിഎം” എന്ന കോണ്‍ഗ്രസിന്റെ സമാനമായ പ്രചാരണത്തിന് ശേഷമാണ് പുതിയ പ്രചാരണം. 

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആളുകള്‍ക്ക് വെബ്സൈറ്റിലേക്ക് പ്രവേശിക്കാം. ഇതുവരെ 50 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്ത ബിജെപി തങ്ങളുടെ മൗനത്തിലൂടെ കുറ്റം സമ്മതിച്ചുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് പ്രചാരണ വിഭാഗം അധ്യക്ഷന്‍ പ്രിയങ്ക് ഖാര്‍ഗെ ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ”നിങ്ങളെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു കാര്യം PayCM ആണെങ്കില്‍, നിങ്ങളുടെ പരാജയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞങ്ങള്‍ SayCM ആരംഭിക്കും,”- ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.