ന്യൂഡല്‍ഹി: ആക്രികച്ചവടത്തിലൂടെ ഈ വർഷം സെപ്റ്റംബർ വരെ മാത്രം 2,582 കോടി രൂപയുടെ നേട്ടമുണ്ടാക്കി ഇന്ത്യൻ റെയിൽവേ. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ആക്രികച്ചവടത്തിലൂടെ 2003 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ നേടിയത്. 2022-23 സാമ്പത്തിക വർഷത്തിൽ ആക്രി വിൽപ്പനയിലൂടെ 4400 കോടിയുടെ വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021-22ൽ 3,60,732 മെട്രിക് ടൺ ആയിരുന്ന ആക്രിവിൽപ്പന 2022-23ൽ 3,93,421 മെട്രിക് ടൺ ആയി ഉയർന്നു. 2021-22 സെപ്റ്റംബർ വരെ 1835 എണ്ണം വാഗണുകൾ, 954 എണ്ണം കോച്ചുകൾ, 77 എണ്ണം ലോക്കോകൾ എന്നിവയാണ് നീക്കം ചെയ്‌തതെങ്കിൽ 2022-23ൽ 1751 എണ്ണം വാഗണുകൾ, 1421 എണ്ണം കോച്ചുകൾ, 97 എണ്ണം ലോക്കോകൾ എന്നിവയാണ് വിറ്റഴിച്ചത്. ഈ സാമ്പത്തിക വർഷം സെപ്റ്റംബർ വരെയുള്ള ആനുപാതിക ലക്ഷ്യം 1,980 രൂപയായിരുന്നു. 

“സ്ക്രാപ്പ് മെറ്റീരിയലുകൾ സമാഹരിച്ച് ഇ-ലേലത്തിലൂടെ വിൽപന നടത്തി വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും റെയിൽവേ നടത്തുന്നുണ്ട്. ഉപയോഗശൂന്യമായ വസ്‌തുക്കളുടെ സംഭരണവും വിൽപ്പനയും സ്ഥിരമായി നടക്കുന്ന ഒരു പ്രക്രിയയാണ്, സോണൽ റെയിൽവേകളും റെയിൽവേ ബോർഡും ഇത് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്” ഇന്ത്യൻ റെയിൽവേ പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.