ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ തീവ്രവാദികളുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ കനൂജ് സ്വദേശികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിലെ ഹെര്‍മനില്‍ വെച്ച് തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. മനീഷ് കുമാര്‍, രാം സാഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു. ഗ്രനേഡെറിഞ്ഞ ഹെര്‍മന്‍ സ്വദേശി ഇമ്രാന്‍ ബഷീര്‍ ഗനിയെ ഷോപിയാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

താല്‍ക്കാലിക ഷെഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ടിന്‍ഷെഡില്‍ അഞ്ചോളം തൊഴിലാളികളുണ്ടായിരുന്നു. ഗ്രനേഡാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷോപിയാന്‍ ജില്ലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഒരാഴ്ചയ്ക്കിടെ ഭീകരര്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. 

സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും റെയ്ഡുകളും നടന്നുവരികയാണെന്ന് കശ്മീര്‍ എഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു. ഒക്ടോബര്‍ 15ന് ഷോപ്പിയാനില്‍ ഒരു കശ്മീരി പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. ശനിയാഴ്ച രാവിലെ സ്വവസതിക്ക് മുമ്പില്‍ നടന്ന ആക്രമണത്തില്‍ പുരണ്‍ കൃഷന്‍ ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്.