ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ കൊളീജിയം സംവിധാനത്തില്‍ തൃപ്തരല്ലെന്നും ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് ജഡ്ജിമാരെ നിയമിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്നും കേന്ദ്ര നിയമ-നീതി വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍എസ്എസ്) വാരികയായ ‘പാഞ്ചജന്യ’ സംഘടിപ്പിച്ച ‘സബര്‍മതി സംവാദ’ത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജഡ്ജിമാരുടെ പകുതി സമയവും നിയമനങ്ങള്‍ തീരുമാനിക്കുന്നതില്‍ മുഴുകിയിരിക്കുകയാണെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അതിനാലാണ് അവരുടെ പ്രാഥമിക ജോലിയായ നീതി നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്ന ജോലികളില്‍ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉന്നത ജുഡീഷ്യറി നിയമനങ്ങളിലെ കൊളീജിയം സമ്പ്രദായത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്ന് കഴിഞ്ഞ മാസം ഉദയ്പൂരില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം.

”1993 വരെ ഇന്ത്യയിലെ എല്ലാ ജഡ്ജിമാരെയും നിയമമന്ത്രാലയം നിയമിച്ചത് ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചാണ്. അക്കാലത്ത് പ്രഗത്ഭരായ ജഡ്ജിമാരുണ്ടായിരുന്നു.”- ജഡ്ജിമാരുടെ നിയമന പ്രക്രിയയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റിജ്ജു പറഞ്ഞു. ‘ഭരണഘടനയില്‍ ഇതെല്ലാം വ്യക്തമാണ്. ഇന്ത്യന്‍ രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കുമെന്ന് അതില്‍ പറയുന്നു, അതായത് ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമ മന്ത്രാലയം ജഡ്ജിമാരെ നിയമിക്കും,’- അദ്ദേഹം പറഞ്ഞു. ‘1993-ല്‍ സുപ്രീം കോടതി കണ്‍സള്‍ട്ടേഷനെ കണ്‍കറന്‍സ് എന്ന് നിര്‍വചിച്ചു. ജുഡീഷ്യല്‍ നിയമനങ്ങളിലല്ലാതെ മറ്റൊരു മേഖലയിലും കണ്‍സള്‍ട്ടേഷനെ കണ്‍കറന്‍സ് ആയി നിര്‍വചിച്ചിട്ടില്ല. 1998 ല്‍ ജുഡീഷ്യറിയാണ് കൊളീജിയം സംവിധാനം വിപുലീകരിച്ചത്.-‘ നിയമമന്ത്രി പറഞ്ഞു.

സുപ്രീം കോടതി കൊളീജിയം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ളതാണ്. കൂടാതെ കോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ഉള്‍പ്പെടുന്നു. കൊളീജിയത്തിന്റെ ശുപാര്‍ശകളില്‍ സര്‍ക്കാരിന് എതിര്‍പ്പുകള്‍ ഉന്നയിക്കാനോ വിശദീകരണം തേടാനോ കഴിയുമെങ്കിലും, അഞ്ചംഗ സമിതി പേരുകള്‍ ആവര്‍ത്തിച്ചാല്‍ അത് സര്‍ക്കാരിനും അംഗീകരിക്കേണ്ടി വരും. ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സമ്പ്രദായത്തില്‍ രാജ്യത്തെ ജനങ്ങള്‍ തൃപ്തരല്ല. ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് പോകുകയാണെങ്കില്‍ ജഡ്ജിമാരെ നിയമിക്കുന്നത് സര്‍ക്കാരിന്റെ ജോലിയാണെന്നും കിരണ്‍റിജ്ജു പറഞ്ഞു.

‘പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഇന്ത്യയിലൊഴികെ ലോകത്ത് മറ്റൊരിടത്തും ജഡ്ജിമാര്‍ തങ്ങളുടെ സഹോദരന്മാരെ ജഡ്ജിമാരായി നിയമിക്കുന്ന രീതിയില്ല. നിയമമന്ത്രിയെന്ന നിലയില്‍, ജഡ്ജിമാരുടെ പകുതി സമയവും മനസ്സും അടുത്ത ജഡ്ജി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ മുഴുകിയിരിക്കുകയാണെന്ന് ഞാന്‍ നിരീക്ഷിച്ചു. അവരുടെ പ്രാഥമിക ജോലി നീതി നല്‍കുക എന്നതാണ്. ഈ സമ്പ്രദായം മൂലം ജഡ്ജിമാര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.’- നിയമമന്ത്രി പറഞ്ഞു.

‘കൂടാതെ, ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിയാലോചന പ്രക്രിയ വളരെ ദീര്‍ഘമായതാണ്.  ജഡ്ജിമാര്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയുണ്ട്. അങ്ങനെയൊരു കാര്യം പറയുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ആളുകള്‍ക്ക് നേതാക്കള്‍ക്കിടയില്‍ രാഷ്ട്രീയം കാണാം. പക്ഷേ ജുഡീഷ്യറിക്കുള്ളില്‍ നടക്കുന്ന രാഷ്ട്രീയം അവര്‍ക്കറിയില്ല. ‘-റിജ്ജു കൂട്ടിച്ചേര്‍ത്തു. കൊളീജിയം നിയമനത്തിന് ശുപാര്‍ശ ചെയ്ത വ്യക്തി സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജിയാകാന്‍ യോഗ്യനാണോയെന്ന് നോക്കുകയാണ് നിയമമന്ത്രാലയത്തിന്റെ ചുമതലയെന്ന് റിജിജു പറഞ്ഞു.