നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കുടല്‍ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി നോയിഡയിലെ യഥാര്‍ഥ് ആശുപത്രിയിലെ ഐസിയുവിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 

രാത്രി മുഴുവന്‍ അവശനിലയിലായ കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. സെക്ടര്‍ 100ല്‍ സ്ഥിതി ചെയ്യുന്ന ലോട്ടസ് ബൊളിവാര്‍ഡ് എന്ന നോയിഡ ഹൗസിംഗ് സൊസൈറ്റിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സൊസൈറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടെ താമസിച്ചിരുന്ന തൊഴിലാളിയുടെ കുഞ്ഞാണ് മരിച്ചത്.  

സംഭവത്തില്‍ രോഷാകുലരായ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ഇവര്‍ നോയിഡ അതോറിറ്റിയോട് ആവശ്യപ്പെട്ടു. നോയിഡ പോലീസ് വിഷയം അന്വേഷിക്കുകയാണ്. ഇത് ആദ്യത്തെ സംഭവമല്ലെന്നും നോയിഡ അതോറിറ്റിക്കും AOA യ്ക്കും പരാതി നല്‍കിയെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. പിന്നാലെ നോയിഡ അതോറിറ്റിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും തെരുവുനായ ഭീഷണി പരിഹരിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരന്നിട്ടുണ്ടെന്നും എഒഎ പ്രസ്താവനയില്‍ അറിയിച്ചു.