പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ ജയരാമന്‍ നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. തനിക്ക് ലഭിച്ച ഭാഗ്യമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. കോട്ടയം വൈക്കം സ്വദേശി ഹരിഹരന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. 

പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കൃതികേഷ് വര്‍മ്മയും പൗര്‍ണ്ണമി ജി വര്‍മ്മയും ആണ് നറുക്കെടുത്തത്. ശബരിമല മേല്‍ശാന്തിയായി അപേക്ഷിച്ച പത്ത് പേരും മാളികപ്പുറം മേല്‍ശാന്തിയാകാന്‍ അപേക്ഷിച്ച എട്ട് പേരുമാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ് അടക്കമുള്ളവര്‍ മേല്‍ശാന്തി നറുക്കെടുപ്പിന് സാക്ഷിയായി.

ഇതിനിടെ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്  മാവേലിക്കര സ്വദേശി എന്‍. വിഷ്ണു നമ്പൂതിരി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഫോര്‍മാറ്റില്‍ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്റെ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ അപേക്ഷാ ഫോം ബോര്‍ഡിന്റേത് അല്ലാത്ത ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയാത്ത തരത്തിലാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. നറുക്കെടുപ്പ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി മറുപടി തേടി ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. 

തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്നലെ വൈകീട്ട് അഞ്ചിന് തുറന്നിരുന്നു. തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. ഈ മാസം 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെയാണ് പ്രവേശനം. നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തുലാം ഒന്നായ ഇന്ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്നു. ഒക്ടോബര്‍ 22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24ന് തുറക്കും.