പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പണയം വെച്ച പത്മയുടെ സ്വര്‍ണ്ണം കണ്ടെടുത്തു. കൊച്ചി ഗാന്ധി നഗറിലെ സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. വീണ്ടെടുത്ത സ്വര്‍ണം പത്മത്തിന്റേതാണെന്ന് മകനും സഹോദരിയും സ്ഥിരീകരിച്ചു.

സ്വര്‍ണം പണയം വെച്ച് 1,10,000 രൂപ വായ്പ എടുത്തുവെന്ന് ഷാഫി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണം കണ്ടെടുത്തത്.

മുഖ്യ പ്രതി ഷാഫിയുടേയും ഭഗവല്‍ സിംഗിന്റേയും വൈദ്യ പരിശോധന കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്ന വ്യക്തമാവുന്ന മൊഴികളാണ് ഒടുവില്‍ പുറത്ത് വന്നത്. ആദ്യം കൊലപ്പെടുത്തിയ റോസ്‌ലിയുടെ ശരീരത്തിലുണ്ടാക്കിയ മുറിവില്‍ നേരത്തെ തയ്യാറാക്കി വെച്ച കറിമസാല തേച്ചു പിടിപ്പിച്ചു എന്നാണ് കേസിലെ പ്രതിയായ ഭഗവല്‍ സിംഗ് പൊലീസിന് നല്‍കിയ മൊഴി.

ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഇര വേദന അനുഭവിച്ച് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നാണ് ഷാഫി പ്രതികളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇത്രയൊക്കെ ചെയ്തിട്ടും റോസ്‌ലി മരിക്കാത്തതിനാല്‍ ലൈലയും ഷാഫിയും ചേര്‍ന്നാണ് റോസ്‌ലിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്നും ഭഗവല്‍ സിംഗ് പറഞ്ഞു.