പത്തനംതിട്ട: നരബലിക്ക് പിന്നാലെ പത്തനംതിട്ട ജില്ലയിൽ മന്ത്രവാദികൾക്കെതിരായ പരാതികൾ പതിവാകുന്നു. ദിവസേനെ ഒന്നിലധികം പേർക്ക് എതിരെ പരാതി ഉയരുന്നുണ്ട്. പലരെയും പോലീസ് പിടിക്കുകയും ചെയ്യുന്നു. പൊതുജനങ്ങൾ തന്നെ ചിലയിടങ്ങളിൽ മന്ത്രവാദികളെ പിടികൂടുകയാണ്. ഇപ്പോഴിതാ കാൻസർ ഭേദമാകും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 4 ലക്ഷം തട്ടിയെടുത്ത മന്ത്രവാദിയും പോലീസ് കസ്റ്റഡിയിൽ ആയിരിക്കുകയാണ്. തണ്ണിത്തോട് നിന്നും, കോന്നി മഞ്ഞക്കടമ്പ് മാടത്തെത്ത് വീട്ടിൽ ബാലൻ (53) ആണ് പിടിയിലായത്.

ഐരവൺ സ്വദേശിനിയോട് പൂജനടത്തി കാൻസർ ഭേദമാക്കാമെന് പറഞ്ഞ് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തിയെന്ന കേസിലാണ് ബാലൻ പിടിയിലായത്. ഏപ്രിൽ മാസമാണ് പ്രതിയുടെ വീട്ടിൽ വച്ച് പൂജകൾ നടത്തിയത്. തുടർന്ന്, ഇയാൾ 4 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.

അസുഖം ഭേദമാകാത്തതിനാൽ ഇവർ പണം തിരികെ ചോദിച്ചപ്പോൾ, മന്ത്രവാദം നടത്തി ശരീരം തളർത്തിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഖമില്ലാതെ വീട്ടിൽ കഴിഞ്ഞുവന്ന സ്ത്രീയുടെ പരാതി പ്രകാരം, കോന്നി പോലീസ് വീട്ടിലെത്തി വിശദമായ മൊഴിയെുടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

വിശ്വാസ വഞ്ചനയ്ക്കും, ഉദ്ദിഷ്ട കാര്യം സാധിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ചശേഷമുള്ള ആഭിചാര ക്രിയനടത്തി പറ്റിച്ചതിനുമാണ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിർദേശത്തെ തുടർന്ന്, കോന്നി ഡിവൈഎസ്പി കെ ബൈജുകുമാറിന്‍റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാളുടെ വീട്ടിൽ നിന്നും പൂജകൾ നടത്താനുപയോഗിച്ച സാധനങ്ങൾ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ തുടരാൻ കർശന നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.