ബിഹാറിലെ മുസാഫര്‍പൂരിലെ മഹന്ത് ദര്‍ശന്‍ ദാസ് മഹിള (എംഡിഡിഎം) കോളേജിന് പുറത്ത് ഞായറാഴ്ച്ച ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തി. ചില പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതാന്‍ എംഡിഡിഎം കോളേജില്‍ എത്തിയിരുന്നു. കുട്ടികള്‍ ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍, ശിരോവസ്ത്രം അണിഞ്ഞ പെണ്‍കുട്ടികളെ ഒരു അധ്യാപകന്‍ തടഞ്ഞു. ശിരോവസ്ത്രത്തിനുള്ളില്‍ എന്തെങ്കിലും ബ്ലൂടൂത്ത് ഉപകരണം ഘടിപ്പിച്ചിരിക്കാമെന്ന് സംശയം തോന്നിയതിനാല്‍ ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ഒരു വനിതാ ഗാര്‍ഡിനെ വിളിച്ച് തങ്ങളെ പരിശോധിക്കാന്‍ പെണ്‍കുട്ടികള്‍ അധ്യാപകനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നും എന്തെങ്കിലും മോശമായ പ്രവൃത്തി ഉണ്ടായാല്‍ പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. തങ്ങളുടെ ആവശ്യം അധ്യാപകന്‍ ഗൗനിച്ചില്ലെന്നും പരീക്ഷയ്ക്ക് ഹാജരാകുന്നതിന് മുമ്പ് ഹിജാബ് അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടികള്‍ ആരോപിച്ചു. ശശിഭൂഷണ്‍ എന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധര്‍ എന്ന് പോലും വിളിച്ചതായി പെണ്‍കുട്ടികള്‍ ആരോപിച്ചു. ‘നിങ്ങള്‍ ഇന്ത്യയിലാണ് താമസിക്കുന്നതെന്നും ഇവിടെ ഇതൊന്നും പാടില്ലെന്നും വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ’ എന്നും അധ്യാപകന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അധ്യാപകന്റെ ആക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രകോപിതരായ പെണ്‍കുട്ടികള്‍ പരീക്ഷയെഴുതാതെ പുറത്തിറങ്ങി കോളേജ് ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. വിവരമറിഞ്ഞ് മിഥാന്‍പുര പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീകാന്ത് പ്രസാദ് സിന്‍ഹ വനിതാ കോണ്‍സ്റ്റബിള്‍മാരുമായി സ്ഥലത്തെത്തി പെണ്‍കുട്ടികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.കനു പ്രിയയും സ്ഥലത്തെത്തി വിദ്യാര്‍ഥികളെ സമാധാനിപ്പിച്ചു. തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ച് പെണ്‍കുട്ടികള്‍ പരീക്ഷയെഴുതി മടങ്ങി. 

കോളേജിന്റെ അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയായിരുന്നു പ്രതിഷേധത്തിനു പിന്നിലെന്ന് ഡോ.കനു പ്രിയ പറഞ്ഞു. ‘കോളേജിന്റെ ചരിത്രം വളരെ പഴക്കമുള്ളതാണ്. എല്ലാവരും ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികളായിരുന്നു. ഇവരോട് മൊബൈല്‍ നീക്കം ചെയ്യാനും ബ്ലൂടൂത്ത് നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ അത് മതത്തിന്റെ വിഷയമാക്കി.’- കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ അധ്യാപകന്‍ നടത്തിയെന്ന ആരോപണങ്ങളെ കനു പ്രിയ എതിര്‍ത്തു. ”ഹിജാബിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ ആരോപണങ്ങള്‍ ഉന്നയിച്ച അധ്യാപകന്‍ ദേശവിരുദ്ധവും പാകിസ്ഥാനിലേക്ക് പോകുന്നതും പോലെ ഒന്നും പറഞ്ഞിട്ടില്ല. ആളുകള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു.”- പ്രധാന അധ്യാപിക പറഞ്ഞു. പ്രശ്‌നം പരിഹരിച്ചതായി എസ്എച്ച്ഒ പറഞ്ഞു. ‘അഭിപ്രായ വ്യത്യാസമുണ്ടായി. ഞങ്ങള്‍ ഇരുപക്ഷവും കേള്‍ക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു.’- പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.