ചിദംബരം: ബാല വിവാഹം നടത്തിയെന്നാരോപിച്ച് തമിഴ്നാട്ടിലെ ചിദംബരത്തുള്ള നടരാജ ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരെ(ദീക്ഷിതര്‍) പൊലീസ് അറസ്റ്റ് ചെയ്തു. കടലൂര്‍ ജില്ലയിലെ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാരുടെ സെക്രട്ടറി ഹേമസബേശ ദീക്ഷിതര്‍, വിജയബാല ദീക്ഷിതര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയബാലയുടെ മകന്‍ ജ്ഞാനശേഖരനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

2021ലാണ് കേസിന് ആസ്പദമായ സംഭവം. ഹേമസബേശ ദീക്ഷിതര്‍ തന്റെ 13കാരിയായ മകളെ വിജയബാല ദീക്ഷിതരുടെ മകന്‍ ജ്ഞാനശേഖരന് വിവാഹം കഴിച്ച് നല്‍കുകയായിരുന്നു. ജ്ഞാനശേഖരന് 17 വയസ്സ് മാത്രമാണ് പ്രായം. സംഭവം അറിഞ്ഞ സാമൂഹികക്ഷേമ വകുപ്പ് കടലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിനെതിരെ ദീക്ഷിതര്‍ അനുകൂലികള്‍ പ്രതിഷേധം നടത്തിയിരുന്നെങ്കിലും അല്‍പസമയത്തിന് ശേഷം അവര്‍ അത് പിന്‍വലിച്ചു.

ദീക്ഷിതര്‍ തങ്ങള്‍ ഒരു മതവിഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ്. ചിദംബരം നടരാജര്‍ ക്ഷേത്രത്തിന്റെ ഭരണവും നടത്തിപ്പ് ചുമതലയും ഇവര്‍ക്കാണ്. അടുത്തിടെ ഹിന്ദു ചാരിറ്റബിള്‍ ആന്‍ഡ് എന്‍ഡോവ്മെന്റ് വകുപ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തേടിയിരുന്നു. പിന്നാലെ ക്ഷേത്രത്തിലെ ക്രമക്കേടുകളും കെടുകാര്യസ്ഥതയും സംബന്ധിച്ച് 19,000 ത്തോളം പരാതികളാണ് ലഭിച്ചത്. അതില്‍ ക്ഷേത്രത്തില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.