ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ അഴിമതിയെക്കുറിച്ചുള്ള വസ്തുതകളും കണക്കുകളും രാഹുല്‍ ഗാന്ധിക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് സംസ്ഥാനത്ത് നടന്ന അഴിമതി കേസുകളുടെ രേഖകള്‍ അയക്കുമെന്നും എഫ്ഐആറുകളില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെല്ലാരിയില്‍ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ബൊമ്മൈയുടെ മറുപടി. 

കര്‍ണാടകയില്‍ പണമുള്ള ആര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നും 40 ശതമാനം കമ്മിഷന്‍ സംസ്ഥാനത്ത് വ്യാപകമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ”പണമുള്ളവര്‍ക്ക് കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഓര്‍മ്മക്കുറവുണ്ട് അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വിവരമറിയിച്ചിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് നടന്ന അത്രയും അഴിമതിയും അധ്യാപക റിക്രൂട്ട്മെന്റും ഇന്ത്യയില്‍ മറ്റൊരിടത്തും നടന്നിട്ടില്ല. അത്തരം അഴിമതികളുടെ എല്ലാ വിവരങ്ങളും രാഹുല്‍ ഗാന്ധിക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വസ്തുതകളും കണക്കുകളും അയയ്ക്കും’, ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.