തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവര്‍ത്തകരുടെ കയ്യിലാണെന്നും എഐസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. പാര്‍ട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താന്‍ മത്സരത്തിനിറങ്ങിയത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാന്‍ പുതിയൊരു ഊര്‍ജം ആവശ്യമാണ്. പാര്‍ട്ടിക്കുള്ളില്‍ ഒരു ഇളക്കമുണ്ടാക്കാന്‍ ഈ തെരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ദിരാ ഭവനിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. 

ആത്മാര്‍ത്ഥതയോടെയും മര്യാദയോടെയുമാണ് താന്‍ പ്രചാരണം പൂര്‍ത്തിയാക്കിയത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നും പ്രിയങ്ക ഗാന്ധി രാവിലെ സന്ദേശം അയച്ചു. ഗാന്ധി കുടുംബം ഈ തെരഞ്ഞെടുപ്പ് നിക്ഷ്പക്ഷമാണെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വമെന്നാല്‍ ഗാന്ധി കുടുംബം മാത്രമല്ലെന്നത് വ്യക്തമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ നടന്നുവെന്നും തരൂര്‍ പറഞ്ഞു.