തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിൽ എൽഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് തിരിച്ചടിയായി കോടതി വിധി കൂടി എത്തിയതോടെ അദ്ദേഹത്തെ പിടികൂടാൻ രംഗത്തിറങ്ങി പൊലീസ്. കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റിയതോടെയാണ് എംഎൽഎയെ കണ്ടെത്താൻ പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചത്.  ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. യുവതിയെ മർദ്ദിച്ച സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ എംഎൽഎയുടെ ഡ്രൈവർക്കും പിഎയ്ക്കും നോട്ടീസ് നൽകിയിരിക്കുകയാണ്. ഇവർക്ക് കേസിൽ പങ്കുണ്ടെങ്കിൽ ഇവരെയും പ്രതിചേർക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. 

ഇതിനിടെ എംഎൽഎ കോവളത്തെ ഹോട്ടലിൽ എത്തി അന്വേഷണ സംഘം ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻ്റെ നടപടി. മൊഴിയെടുക്കലിനു ശേഷം മഹസറും തയ്യാറാക്കി. സംഭവദിവസം യുവതിയും എംഎൽഎയും ഹോട്ടലിൽ എത്തിയതിൻ്റെ ദൃശ്യങ്ങൾ സിസി ടിവി കാമറകളിൽനിന്ന് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. അതേസമയം പെരുമ്പാവൂരിലെ പീഡനസ്ഥലത്ത് ഇന്ന് പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

ഇതിനിടെ തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുവതി കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണ‌ർക്ക് പരാതി നൽകി. സൈബർ സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെയായിരുന്നു യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്. മാത്രമല്ല കോവളം സിഐയായിരുന്ന പ്രൈജുവിനെതിരെയും പരാതി നൽകിയിട്ടുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ച സി.ഐ ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ തന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. 

ഇതിനിടെ എംഎൽഎയ്ക്ക് എതിരെയും പരാതി എത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എംഎൽഎ വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കേസിലെ സാക്ഷിയായ യുവാവ് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ എല്‍ദോസ് കുന്നപ്പിള്ളി രംഗത്തെത്തിയിരുന്നു. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ടെന്നും ഇവര്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ പറഞ്ഞിരുന്നു. ഒരു സിഐക്കും എസ്‌ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എല്‍ദോസിനായി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

കഴിഞ്ഞ മാസം 28ന് പരാതി നല്‍കുമ്പോള്‍ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നില്ല. കോവളത്ത് വെച്ച് ആക്രമണത്തിനിരയായെന്ന് പറഞ്ഞ ദിവസം പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴും യുവതി പരാതി നല്‍കിയിരുന്നില്ലെന്നും എംഎല്‍എ വാദിച്ചു. എന്നാൽ കേസില്‍ വാദം പൂര്‍ത്തിയായ ശേഷം കേസ് അടുത്ത വ്യാഴാഴ്ച വിധി പറയാനായി മാറ്റുകയായിരുന്നു.