ഒഹായോ ∙ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഓഹായോ ഹൈസ്കൂളിലെ സോഫ്റ്റ് ബോൾ മുൻ കോച്ചും ടീച്ചറുടെ അസിസ്റ്റൻന്റുമായിരുന്ന ആഷ്‍ലി റൈസൺ (31) കുറ്റക്കാരിയെന്നു തെളിഞ്ഞു. യുവതിക്ക് അഞ്ചു വർഷം തടവു ശിക്ഷ വിധിച്ചു. ചാർജ് ചെയ്ത കുറ്റങ്ങൾ യുവതി സമ്മതിച്ചുവെന്നു ബട്‍ലർ കൗണ്ടി കോടതി രേഖകൾ വ്യക്തമാക്കുന്നു.

17 വയസ്സുള്ള സോഫ്റ്റ് ബോൾ കളിക്കാരനായ വിദ്യാർഥിയെ ആണ് കോച്ചായ ആഷ്‍ലി ലൈംഗികമായി ഉപയോഗിച്ചത്. തെളിവുനശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകുക തുടങ്ങി ഇവർക്കെതിരെ ഏഴു മറ്റു വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

2021 ഏപ്രിലിൽ ആഷ്‍ലിയും വിദ്യാർഥിയും തമ്മിൽ എട്ടു തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്. കാറിന്റെ പുറകിലെ സീറ്റിൽ വച്ചും മറ്റു പല സ്ഥലങ്ങളിൽ വച്ചും ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ പലതിന്റെയും ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

രഹസ്യ ബന്ധത്തിന്റെ കാര്യം പുറത്തറിയരുതെന്ന് കോച്ച് ആവശ്യപ്പെട്ടിരുന്നുവെന്നു വിദ്യാർഥി പറഞ്ഞു. അധികൃതരോട് ഇക്കാര്യം റിപ്പോർട്ട് ചെയ്യരുതെന്ന് ആഷ്‍ലി വിദ്യാർഥിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, അതു ഫലം കണ്ടില്ല. വിവരം കുട്ടി അധികൃതരെ അറിയിക്കുകയായിരുന്നുവെന്നു ബട്‍ലർ കൗണ്ടി അസിസ്റ്റൻന്റ് പ്രോസിക്യൂട്ടർ പറഞ്ഞു. 

2021 മേയ് മൂന്നിനാണ് 17 വയസ്സുള്ള വിദ്യാർഥി ബട്‍ലർ കൗണ്ടി ഷരീഫിന്റെ ഓഫീസിൽ പരാതി അറിയിച്ചത്. അതേ ദിവസം തന്നെ യുവതി ജോലി രാജി വച്ചു. 2015ലാണ് ആ സ്കൂളിൽ ആഷ്‍ലി ജോലിയിൽ പ്രവേശിച്ചത്. ഇവർക്കെതിരെ ‘ബലമായി പീഡിപ്പിച്ചു’ എന്ന വകുപ്പ് ചുമത്തിയിട്ടില്ല. ഒരു വ്യക്തിക്കെതിരെ മാത്രമാണ് യുവതി ഈ ക്രിമിനൽ പ്രവർത്തി നടത്തിയത് എന്നാണ് അനുമാനം. നവംബർ 16നാണ് ഇനി കേസ് കോടതി പരിഗണിക്കുക. ഇവരെ ലൈംഗിക കുറ്റവാളിയായി രേഖപ്പെടുത്തിയേക്കും.