കരൂര്‍: തമിഴ്നാട്ടിലെ കരൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വെങ്ങമേട് ജ്യോതിദാര്‍ സ്ട്രീറ്റിലെ  താമസക്കാരനായ ശക്തി(32)യാണ് പിടിയിലായത്. ദീപാവലിക്ക് ഹിന്ദു സമൂഹം നടത്തുന്ന കടകളില്‍ നിന്ന് മാത്രം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ ആവശ്യമുന്നയിച്ച് ലഘുലേഖകളും വിതരണം ചെയ്തു. കൂടാതെ സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ നോക്കണമെന്നും ശക്തി ആവശ്യപ്പെട്ടിരുന്നു. ഹിന്ദു മുന്നണിയുടെ കരൂര്‍ ജില്ലാ കോര്‍ഡിനേറ്ററാണ് പ്രതി.

ശക്തിക്കെതിരെ ഐപിസി സെക്ഷന്‍ 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 505 (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കരൂര്‍ ജില്ലയിലെ വെങ്ങമേട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാറാണ് കേസെടുത്തത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.