ശ്രീനഗർ‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരവാദികളുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ചൗധരി ഗുണ്ടിലെ കർഷകനായ പുരൺ കൃഷൻ ഭട്ട് (43) ആണ് കൊല്ലപ്പെട്ടത്. രണ്ടു ബൈക്കുകളിലെത്തിയ ഭീകരരാണ് വീടിനു പുറത്തുനിന്ന പുരൺ കൃഷന് നേരെ നിറയൊഴിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയായിരുന്നു ആക്രമണം ഉണ്ടായത്. സൗത്ത് കശ്മീരിലെ ചൗധരി ഗുണ്ടിലെ കൃഷിയിടത്തിലേക്കു പോകുകയായിരുന്നു പുരൺ കൃഷൻ ഭട്ട്. ബൈക്കുകളിലെത്തിയ ഭീകരർ 43 കാരനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് പുരൺ കൃഷൻ ഭട്ടിന് മരണം സംഭവിച്ചത്. കൊല്ലപ്പെട്ട ഭട്ടിന് രണ്ട് മക്കളുണ്ട്. മൂത്തമകൾ ഏഴാം ക്ലാസിലും ഇളയ മകൻ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.

ഭീകരരുടെ വെടിയേറ്റാണ് പുരൻ കൃഷൻ ഭട്ടിൻ്റെ മരണമെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. അക്രമത്തിനു പിന്നാലെ പോലീസ് പ്രദേശത്ത് തെരച്ചിൽ നടത്തി. പ്രദേശം നിലവിൽ പോലീസ് നിയന്ത്രണത്തിലാണ്. ആക്രമണത്തെ അപലപിച്ചു ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ
രംഗത്തെത്തി. പുരൺ കൃഷൻ ഭട്ടിനെതിരെ തീവ്രവാദികൾ നടത്തിയ ആക്രമണം ഭീരുത്വമാണെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും അക്രമികൾക്കു കടുത്ത ശിക്ഷ നൽകുമെന്നും ലഫ്. ഗവർണർ ട്വീറ്റ് ചെയ്തു.

2020 ന് ശേഷം കൊല്ലപ്പെടുന്ന ഏഴാമത്തെ കശ്മീരി പണ്ഡിറ്റാണ് പുരൺ കൃഷൻ ഭട്ട്. ഓഗസ്റ്റ് മാസവും ഷോപ്പിയാൻ ജില്ലയിൽ ഭീകരരുടെ ആക്രമണത്തിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു. കശ്മീർ താഴ്‍വരയിൽ നിലവിൽ 6,514 കശ്മീരി പണ്ഡിറ്റുകളാണ് താമസിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഷോപ്പിയാനിൽ മാത്രം 455 കശ്മീരി പണ്ഡിറ്റുകളുണ്ട്.