കൊച്ചി: എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കോതമംഗലം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ മാഹീന്‍ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. എസ്എഫ്‌ഐയുടെ പ്രാദേശിക ഭാരവാഹിയായ വിദ്യാര്‍ത്ഥിയെ എസ്‌ഐ മാഹീന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. റോഷന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സ്‌റ്റേഷനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥിയുടെ തലയില്‍ അടിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കോതമംഗലം എല്‍ദോ മാര്‍ ബസോലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് റോഷന്‍.

പോലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു റോഷന് മര്‍ദ്ദനമേറ്റത്. തങ്കളം ബൈപ്പാസിലെ കടയില്‍ നിന്നും ഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാര്‍ത്ഥി സംഘത്തില്‍ നിന്നും ഒരാളെ പോലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. ഈ വിദ്യാര്‍ത്ഥിയെ അന്വേഷിച്ചാണ് റോഷന്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ നേതാക്കള്‍ സ്റ്റേഷനില്‍ എത്തിയത്. എസ്എഫ്‌ഐയുടെ കോതമംഗലം ലോക്കല്‍ സെക്രട്ടറിയാണ് റോഷന്‍. കാര്യങ്ങള്‍ തിരക്കാനെത്തിയ റോഷനെ എസ്‌ഐ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. നീ എസ്എഫ്‌ഐകാരനാണല്ലെ എന്ന് ചോദിച്ചായിരുന്നു എസ്‌ഐ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐക്കെതിരായ നടപടി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നിന്നിരുന്ന കടയുടെ പരിസരം ലഹരി വില്‍പ്പനയുടെ കേന്ദ്രമാണെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ തുടങ്ങിയയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.