ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും താഴേക്ക്. 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനം കൂടി ഇന്ത്യ പിന്നോട്ടു പോയി. 101-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2022ൽ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. 29.1 ആണ് ഇന്ത്യയുടെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്കോർ.

ചൈന, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ അടക്കമുള്ള അയൽ രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ. യഥാക്രമം 4, 99, 64, 84, 81, 71 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളുടെ റാങ്ക്. ഏഷ്യൻ രാജ്യങ്ങളിൽ യുദ്ധം പ്രതിസന്ധി സൃഷ്ടിച്ച അഫ്ഗാനിസ്താൻ മാത്രമാണ് പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ള ഏക രാജ്യം. 109-ാം റാങ്കാണ് ആഗോള പട്ടിണി സൂചികയിൽ അഫ്ഗാനിസ്താൻ. 121 രാജ്യങ്ങളിൽ 17ഓളം രാജ്യങ്ങളാണ് അഞ്ചിൽ താഴെ മാത്രം സ്കോർ നേടിയിരിക്കുന്നത്. ആഗോള പട്ടിണി സൂചികയിൽ ഒന്നാണ് സ്ഥാനത്ത് ബെലാറുസ് ആണ്. ബോസ്നിയ, ചിലി എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനത്താണ്. ചൈനയാണ് നാലാം സ്ഥാനം.

പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കിയത്.

പട്ടിക പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. 2014നേക്കാൾ മോദി സർക്കാരിന്റെ കാലത്ത് ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്കോർ ഏറ്റവും മോശമായ നിലയിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ഹിന്ദുത്വം, ഹിന്ദി അടിച്ചേൽപ്പിക്കൽ, വർഗീയം തുടങ്ങിയവയല്ല ഇതിന് പ്രതിവിധിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബിജെപി സർക്കാർ ഈ പട്ടിക തള്ളിക്കളയുകയും പഠനം നടത്തിയ സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയും ചെയ്യുമെന്ന് ചിദംബരത്തിന്റെ മകനും ലോക്സഭാ മെമ്പറുമായ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കാത്തിടത്തോളം ഇന്ത്യയ്ക്ക് നമ്പർ 1 ആകാൻ സാധിക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിനെ കേന്ദ്രം തള്ളിയിരുന്നു. സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അന്ന് കേന്ദ്രത്തിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പഠന റിപ്പോർട്ട് കൂടി പുറത്തുവന്നത്.