തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത നീക്കം. ചാന്‍സലറുടെ നോമിനികളായ 15 പേരെയാണ് ഗവര്‍ണര്‍ പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നായിരുന്നു യോഗം. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി.  

ഈ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും വിസി മറുപടി നല്‍കിയിരുന്നില്ല. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിര്‍ദേശിക്കാനുള്ള സുപ്രധാന യോഗത്തിന് എത്തിയവരുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഗവര്‍ണര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നത്. ഗവര്‍ണറുടെ നോമിനികള്‍ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ അവരെ പിന്‍വലിക്കുന്നത് രാജ്ഭവന്റെ പരിഗണനയിലായിരുന്നു. 

ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 സാധാരണ അംഗങ്ങളും 4 വിദ്യാര്‍ഥികളുമാണ് സെനറ്റില്‍ ഉള്ളത്. ഇതില്‍ 2 സാധാരണ അംഗങ്ങള്‍ മാത്രമേ സെനറ്റ് യോഗത്തിന് എത്തിയുള്ളൂ. വിസിയുടെ വിശദീകരണം ലഭിച്ചശേഷം നിയമോപദേശം കൂടി തേടിയതിന് ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് രാജ്ഭവന്‍ തീരുമാനിച്ചിരുന്നത്. യോഗത്തില്‍ നിന്നു വിട്ടു നിന്നവരെ പിന്‍വലിച്ചതോടെ സിപിഎമ്മിലെ 2 പേരുടെ സിന്‍ഡിക്കറ്റ് അംഗത്വം നഷ്ടപ്പെടും. പ്രോ വൈസ് ചാന്‍സലറും വിട്ടു നിന്നവരില്‍ ഉള്‍പ്പെടുന്നു.