ഇസ്ലാമാബാദ്: ബലൂചിസ്താൻ പ്രവിശ്യയിലെ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് പള്ളിക്കു പുറത്തുവെച്ച് വെടിയേറ്റു മരിച്ചു. ഖരൻ പ്രദേശത്തുള്ള പള്ളിയുടെ സമീപത്തുവെച്ച് മുഹമ്മദ് നൂർ മെസ്കൻസായിക്കു നേരെയാണ് അക്രമികൾ വെടിയുതിർത്തത്. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് ആസിഫ് ഹലീം പറഞ്ഞു.

പലിശ അടിസ്ഥാമനാക്കിയുള്ള ബാങ്കിങ് സംവിധാനത്തെക്കുറിച്ച് മെസ്കൻസായി അടുത്തിടെ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ജഡ്ജിയുടെ മരണത്തിൽ മുഖ്യമന്ത്രി മിർ അബ്ദുൽ ഖുദൂസ് ബിസെഞ്ചോ അനുശോചനം രേഖപ്പെടുത്തി. സമാധാനത്തിന്‍റെ ശത്രുക്കൾ നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് ഒരിക്കലും രാജ്യത്തെ ഭയപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു