ഹാരിപോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരം റോബി കോള്‍ട്രേയ്ന്‍ (72) അന്തരിച്ചു. സ്‌കോട്ട്ലന്റിലെ ഫോര്‍ത്ത്വാലി ഹോസ്പിറ്റലില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മരണകാരണം പുറത്തുവിട്ടിട്ടില്ല.

ഹാരി പോട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ ലോകത്തെമ്പാടും ഒട്ടേറെ ആരാധകരെയാണ് റോബി കോള്‍ട്രേയ്ന്‍ സ്വന്തമാക്കിയത്. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എട്ടു ഹാരി പോട്ടര്‍ ചിത്രങ്ങളുടെയും അദ്ദേഹം ഭാഗമായിരുന്നു.

ബ്രിട്ടിഷ് ടെലിവിഷന്‍ സീരീസായ ക്രാക്കറിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ക്രാക്കറിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ബ്രിട്ടീഷ് ടെലിവിഷന്‍ അക്കാദമി അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. ജെയിംസ് ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രമുഖ ചിത്രങ്ങള്‍.