തിരുവണ്ണാമലൈ: തമിഴ്‌നാട്ടില്‍ നരബലി സംശയിച്ച് പൂജ തടഞ്ഞു. കേരളത്തിലെ നരബലിയുടെ വാര്‍ത്തകള്‍ രാജ്യത്തെ നടുക്കിയിരിക്കെയാണ് തിരുവണ്ണാമലൈയില്‍ നരബലിക്കായി നടത്തിയ ആചാരമെന്ന സംശയത്തില്‍ പോലീസ് പൂജ തടഞ്ഞത്. തിരുവണ്ണാമലൈ ജില്ലയിലെ അരണിക്ക് സമീപമുള്ള ഗ്രാമത്തിലെ ആറ് പേര്‍ മൂന്ന് ദിവസത്തോളമായി വീടിന് പുറത്തിറങ്ങാതെ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. അവര്‍ ആഭിചാര പൂജയില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയിച്ച നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. 

നരബലിക്ക് വേണ്ടിയുള്ള ആചാരങ്ങളാണ് ഈ ആറ് പേരും നടത്തിയതെന്ന് പ്രദേശവാസികള്‍ സംശയിക്കുന്നു. പോലീസ് സംഘം സ്ഥലത്തെത്തി വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് പൂജ തടസപ്പെടുത്തിയത്. വീട്ടുകാരിലൊരാള്‍ക്ക് പ്രേതബാധയേറ്റെന്നും അതില്‍ നിന്ന് രക്ഷനേടാനാണ് വീട്ടില്‍ പൂജ നടത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ആറ് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.