തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍മന്ത്രി കെ കെ ശൈലജ. ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തരസാഹചര്യത്തിലാണെന്നും മരുന്നുപോലുമില്ലാത്ത ഘട്ടത്തില്‍ അന്ന് മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെന്നും ശൈലജ പറഞ്ഞു. കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത കൈ കെ ശൈലജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കെ കെ ശൈലജയുടെ വിശദീകരണം.

500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു മന്ത്രിക്ക് നേരെയുളള ആരോപണം. അതേസമയം കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണെന്നും ശൈലജ പറഞ്ഞു.

ഇന്നലെയാണ് കെ കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ് നല്‍കിയത്. ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കെ കെ ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ് ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് പരാതി. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ് നായരാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.