ഖരഗ്‌പൂർ: ഐഐടി ഖരഗ്‌പൂർ വിദ്യാർത്ഥിയുടെ മൃതദേഹം അഴുകിയ നിലയിൽ ഹോസ്‌റ്റൽ മുറിയിൽ കണ്ടെത്തി. മരണപ്പെട്ട വിദ്യാർത്ഥി 23 കാരനായ ഫയാസ് അഹമ്മദാണെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്‌ചയാണ്‌ ഹോസ്‌റ്റൽ റൂമിൽ നിന്ന് ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. അസമിലെ ടിൻസുകിയ സ്വദേശിയായ ഫയാസ് ഖരഗ്‌പൂർ ഐഐടിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.

അടുത്തിടെയാണ് ഇയാൾ വീട്ടിൽ നിന്ന് മടങ്ങിയെത്തിയത്. രണ്ട് ദിവസമായി ഇയാളെ പുറത്ത് കാണുന്നുണ്ടായിരുന്നില്ല. വെള്ളിയാഴ്‌ചയും മുറിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഐഐടി അധികൃതരെ വിവരം അറിയിച്ചു. പിന്നീട് ഐഐടി ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മുറിയിൽ കിടന്ന മൃതദേഹം പുറത്തെടുത്തു. അപ്പോഴേക്കും മൃതദേഹം ജീർണിച്ച തുടങ്ങിയിരുന്നു. മരണകാരണം അറിയാൻ പോസ്‌റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ് ഐഐടി അധികൃതർ. സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ദുഃഖം രേഖപ്പെടുത്തി. 

“ഐഐടി ഖരഗ്‌പൂരിൽ പഠിക്കുന്ന ടിൻസുകിയയിൽ നിന്നുള്ള മിടുക്കനായ യുവ വിദ്യാർത്ഥി ഫൈസാൻ അഹമ്മദിന്റെ മരണം വളരെ വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു” മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ പറഞ്ഞു.