ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെതിരെ വീണ്ടും ലൈംഗിക ആരോപണം. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ കൂടി അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തു. നിലവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുകയാണ് ശിവമൂർത്തി മുരുഗ ശരണരു. 

പോക്‌സോ നിയമപ്രകാരം ശിവമൂർത്തി മുരുഗ ശരണരുവിനെതിരെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഓഗസ്റ്റ് 25നാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. മൈസൂരുവിലെ നസറാബാദ് പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. നേരത്തെ കേസിലും പ്രതികളായ അഞ്ച് പേർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കർണാടകയിലെ ചിത്രദുർഗയിലെ ഒരു പ്രമുഖ ലിംഗായത്ത് മഠത്തിന്റെ മുഖ്യ മഠാധിപതിയാണ് ശിവമൂർത്തി മുരുഘ ശരണരു.പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ബലാത്സംഗക്കുറ്റം ആരോപിച്ചതിന് പിന്നാലെ പതിഷേധത്തെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 15ഉം 16ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ മൂന്നര വർഷത്തിലേറെയായി മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.