വിവാഹം കഴിക്കാമെന്ന വ്യാജേന യുവതിയെ മതംമാറ്റിയെന്ന പരാതിയില്‍ യുവാവ് അറസറ്റില്‍.
കര്‍ണാടകയിലാണ് 24 കാരനായ മുസ്ലിം യുവാവിനെ അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. അടുത്തിടെ പ്രഖ്യാപിച്ച കര്‍ണാടക, മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ നിയമം (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് ) പ്രകാരമുള്ള ആദ്യ അറസ്റ്റാണിത്. ഒക്ടോബര്‍ 5 ന് 19 കാരിയായ യുവതിയെ കാണാതാവുകയും കുട്ടിയുടെ അമ്മ യശ്വന്ത്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഒക്ടോബര്‍ 6 ന് യുവതിയെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്തു. 

ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 8 ന് യുവാവ് സയ്യിദ് മൊയ്നിനേയും യുവതിയേയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.  വിവാഹം കഴിക്കാനെന്ന വ്യാജേന യുവാവ് മകളെ മതംമാറ്റിയെന്നാരോപിച്ച് യുവതിയുടെ അമ്മ ഒക്ടോബര്‍ 13 ന് വീണ്ടും പരാതി നല്‍കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ പെനുഗൊണ്ടയിലാണ് മതപരിവര്‍ത്തനം നടന്നത്.

സെപ്തംബര്‍ 30 മുതലാണ് കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നിലവില്‍ വന്നത്. ഈ നിയമപ്രകാരം, ഏതെങ്കിലും വ്യക്തി, അവരുടെ മാതാപിതാക്കള്‍, സഹോദരന്‍, സഹോദരി, അല്ലെങ്കില്‍ രക്ത ബന്ധത്തിലുളളലര്‍ക്കോ, വിവാഹം, ദത്തെടുക്കല്‍ എന്നിവയിലുടെ ബന്ധപ്പെട്ട മറ്റേതെങ്കിലും വ്യക്തിക്കോ സെക്ഷന്‍-3-ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ മതപരിവര്‍ത്തനത്തെക്കുറിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. വ്യവസ്ഥകള്‍ ലംഘിക്കുന്നത് ആരായാലും അവര്‍ക്ക് നിയമപ്രകാരമുളള തടവുശിക്ഷ ലഭിക്കും.