പത്ത് വര്‍ഷത്തിലേറെയായി തന്റെ അമ്മയെ അന്വേഷിക്കുകയാണ് ബീന മഖിജാനി മുള്ളര്‍ എന്ന സ്വിസ് യുവതി. റോബെല്ലോ എന്ന അമ്മയുടെ പേര് മാത്രമാണ് അവളുടെ കൈയിലുള്ള ഏക സൂചന. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള 44 കാരിയായ യുവതിയെ 1978 ലാണ് മുംബൈയില്‍ നിന്ന് ദത്തെടുത്തത്. ദത്തെടുക്കുന്ന സമയത്ത് ബീന മുള്ളറുടെ വളര്‍ത്തു മാതാപിതാക്കള്‍ റോബെല്ലോ എന്ന അമ്മയുടെ പേര് കാണാനിടയായി. അമ്മയെക്കുറിച്ച് ബീന മുള്ളര്‍ക്ക് ആകെ അറിയാവുന്ന സൂചനയും ഈ പേര് മാത്രമാണ്.’1978-ല്‍ മുംബൈയില്‍ വന്ന് എനിക്ക് ജന്മം നല്‍കിയ ഗോവന്‍ പ്രദേശവാസിയായ റെബെല്ലോ എന്ന പേരുള്ള സ്ത്രീയെ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍, ദയവായി ഞങ്ങളെ ബന്ധപ്പെടുക. ഇന്ത്യക്കാരാണ് എന്നെ ദത്തെടുത്തത്.ഞാന്‍ ആരുടെയും ജീവിതം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല ഞാന്‍ ഉത്തരങ്ങള്‍ക്കായി തിരയുകയാണ്’ ബീന തന്റെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞു.

1978ല്‍ ജനിച്ച ബീന മഖിജാനി മുള്ളറെ സൗത്ത് മുംബൈയിലെ ആശാ സദനത്തില്‍ നിന്നാണ് ദത്തെടുത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കൊണ്ടുപോയത്. 2011 മുതല്‍ അവളുടെ സ്വന്തം അമ്മയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കാന്‍ അവള്‍ ശ്രമിക്കുന്നു.”2011 മുതല്‍ ഞാന്‍ എന്റെ അമ്മയെ തേടി മുംബൈ സന്ദര്‍ശിക്കുന്നു, പക്ഷേ ഞാന്‍ വിജയിച്ചില്ല. എന്നാല്‍ ഒരു ദിവസം എനിക്ക് ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ”അവര്‍ പറഞ്ഞു.ബീനയക്ക് 13 ഉം 16 ഉം വയസ്സുള്ള രണ്ട് ആണ്‍ മക്കളുണ്ട്. ഇരുവരും അവളോടൊപ്പം മുംബൈയില്‍ വന്നിട്ടുണ്ട്, അവരും അമ്മയെ തിരയാന്‍ ബീനക്ക് പിന്തുണയുമായി കൂടെയുണ്ട്. ഒക്ടോബര്‍ 12-ന് ബീനയുടെ അന്വേഷണവുമായി സൗത്ത് മുംബൈയിലെ അനാഥാലയത്തിലേക്ക് പോയി. എന്നിരുന്നാലും, ഒരിക്കല്‍ കൂടി അവള്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. അഡോപ്റ്റി റൈറ്റ്സ് കൗണ്‍സില്‍ പൂനെയുടെ ഡയറക്ടര്‍ അഡ്വക്കേറ്റ് അഞ്ജലി പവാര്‍ ബീനയെ അവളുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തില്‍ സഹായിക്കുന്നുണ്ട്. അനാഥാലയത്തിലെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ പറയുന്നത് കേട്ടെങ്കിലും തുടര്‍ സഹായം നല്‍കാന്‍ സാധിച്ചില്ലെന്ന് അഞ്ജലി പവാര്‍ പറഞ്ഞു.

”രേഖകളൊന്നും കൈവശമില്ലെന്ന് അവര്‍ പറഞ്ഞു. അവര്‍ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞങ്ങളെ സഹായിക്കാനും കഴിഞ്ഞില്ല. പക്ഷേ അവര്‍ ബീനയെക്കുറിച്ചും അമ്മയെ കണ്ടെത്താനുളള അവളുടെ ആഗ്രഹവും ശ്രദ്ധിച്ചു’ അഞ്ജലി പവാര്‍ പറഞ്ഞു.’ഞാന്‍ അവളുടെ കേസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍, ദത്തെടുക്കല്‍ ഏജന്‍സിയിലെ ആളുകള്‍ സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ഞാന്‍ ഡിഡബ്‌ളുസിഡി അധികൃതരോട് വിവരങ്ങള്‍ ചോദിച്ചു. അവര്‍ എന്നെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിക്കാന്‍ അനുവദിക്കുന്നതിനായി ഞാന്‍ ബോംബെ ഹൈക്കോടതിയില്‍ പോയി.തുടര്‍ന്നാണ് ദത്തെടുക്കല്‍ ഏജന്‍സി സഹകരിക്കാന്‍ തുടങ്ങിയത്.’അവര്‍ പറഞ്ഞു.

ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും അഞ്ജലി പവാര്‍ വാഗ്ദാനം ചെയ്തു.’ഞങ്ങള്‍ ഒരു സംഘടന എന്ന നിലയില്‍ ഒരു ഡിഎന്‍എ പ്രോജക്റ്റ് നടത്തുന്നു, അതിനാല്‍ 1978 കാലഘട്ടത്തില്‍ ആശാ സദനോ മറ്റോ കുട്ടിയെ നല്‍കിയ ഏതെങ്കിലും അമ്മയോ കുടുംബാംഗങ്ങളോടോ ഉണ്ടെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.അഞ്ജലി പവാറിനെ +91 9822206485 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഡിഎന്‍എ പരിശോധനയുടെ സഹായത്തോടെ ബീനയാണോ ആ കുട്ടിയെന്ന് നമുക്ക് കണ്ടെത്താനാകും. അവിവാഹിതയായ ഒരു സ്ത്രീയുടെ കേസായിരിക്കാം ഇതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതില്‍ രഹസ്യവും സ്വകാര്യതയും നിലനിര്‍ത്തുമെന്നും ഉറപ്പുനല്‍കുന്നു.’അവര്‍ പറഞ്ഞു.