ദുബൈ: മസാജ് സേവന കേന്ദ്രത്തിന്റെ പരസ്യം കണ്ട് സ്ഥലത്തെത്തിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍. ദുബൈയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാലുപേര്‍ക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു. 94,000 ദിര്‍ഹമാണ് ഇയാള്‍ക്ക് നഷ്ടമായത്. 

കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മസാജ് സേവനം നല്‍കപ്പെടുമെന്ന പരസ്യം അടങ്ങിയ കാര്‍ഡ് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സുന്ദരിയായ ഒരു യുവതിയുടെ ചിത്രവും ഇതില്‍ ഉണ്ടായിരുന്നു. കാര്‍ഡില്‍ കണ്ട നമ്പരില്‍ വിളിച്ച യുവാവിന് ഒരു സ്ത്രീ മസാജ് കേന്ദ്രത്തിന്റെ ലൊക്കേഷനും ചാര്‍ജും അയച്ചുകൊടുത്തു. ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തിയപ്പോള്‍ ആറു സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് കണ്ടത്. കാര്‍ഡിന്റെ പിന്‍ നമ്പര്‍ പറഞ്ഞില്ലെങ്കില്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പറഞ്ഞു. തുടര്‍ന്ന് ഒരാള്‍ സ്ഥലത്ത് നിന്ന് പുറത്തേക്ക് പോയി. ഈ സമയം മറ്റുള്ളവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പൊലീസില്‍ അറിയിച്ചാല്‍ ഇവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

അവിടെ നിന്നും താമസസ്ഥത്ത് എത്തിയപ്പോഴാണ് യുവാവിന് അക്കൗണ്ടില്‍ നിന്ന് 74,000 ദിര്‍ഹം പിന്‍വലിച്ചതായി മനസ്സിലായത്. 20,000 ദിര്‍ഹം ഒരു സ്റ്റോറില്‍ ചെലവഴിച്ചതായും മനസ്സിലായി. ദുബൈയില്‍ നിക്ഷേപം നടത്താനെത്തിയതായിരുന്നു യുവാവ്. ഇതോടെ ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചു. പ്രത്യേക സംഘത്തെ നിയമിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. ദുബൈ ക്രിമിനല്‍ കോടതി ഇവരെ മൂന്നു വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചു. 94,000 ദിര്‍ഹം ഇവര്‍ എല്ലാവരും ചേര്‍ന്ന് അടയ്ക്കണമെന്നും ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.