ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹിന്ദു സേനയുടെ ആവശ്യം തള്ളി വാരണാസി ജില്ലാ കോടതി. കാർബൺ ഡേറ്റിങ് നടത്തണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ശിവലിംഗത്തിന് സമാനമായ വസ്തുവിന്റെ കാലപ്പഴക്കം നിർണയിക്കണമെന്നതാണ് ഹിന്ദുസേനയുടെ ആവശ്യം.

ഗ്യാൻവാപി പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി അഞ്ച് ഹിന്ദു സ്ത്രീകളാണ് ഹർജി നൽകിയത്. സുപ്രീം കോടതി കഴിഞ്ഞ മെയ് 16ന് നൽകിയ ഉത്തരവ് അനുസരിച്ച് ഈ ഭാഗം സീൽ ചെയ്യേണ്ടതാണെന്നും ഇവിടെ ശാസ്ത്രീയ പരിശോധന നടത്താൻ അനുവദിക്കാൻ കഴിയില്ലെന്നും ജില്ല ജഡ്ജി എ . കെ വിശ്വേശ വ്യക്തമാക്കി. നേരത്തെ സിവിൽ കോടതിക്ക് മുൻപാകെ ഗ്യാവാപിയിൽ മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി സുപ്രീം കോടതി ഇടപെട്ടാണ് ജില്ല കോടതിക്ക് നൽകിയത്.

കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേർന്നാണ് ഗ്യാൻവാപി സ്ഥിതി ചെയ്യുന്നത്. മുതിർന്ന ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. മസ്ജിദ് പരിസരത്ത് കണ്ട ശിവലിംഗത്തിന് സമാനമായ വസ്തുവിന്റെ കാർബൺ ഡേറ്റിങ് നടത്താനാണ് ഹർജി നൽകിയിരുന്നത്. എന്നാൽ അതിനുള്ള അനുമതി നൽകാൻ കഴിയില്ലെന്നാണ് ജില്ലാ കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മസ്ജിദ് ഇപ്പോൾ ഇരിക്കുന്നത് ക്ഷേത്രത്തിന്റെ സ്ഥലത്താണെന്നും അവിടെ ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നിസ്‌കാരത്തിന് മുൻപ് മസ്‌ജിദിലെത്തുന്ന വിശ്വാസികൾ ദേഹശുദ്ധി വരുത്തുന്ന കുളത്തിൽ ശിവലിംഗം ഉണ്ടെന്നായിരുന്നു വാദം.