വാഷിംഗ്ടണ്‍: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ഗ്യാസിന്റെ വില വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ, സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യത്തില്‍ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി നിലവിൽ‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം 8.7 ശതമാനം വർദ്ധിപ്പിച്ചതായി സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (എസ് എസ് എ) വ്യക്തമാക്കി. വര്‍ദ്ധിപ്പിച്ച തുക അടുത്ത വർഷം മുതൽ വിതരണം നടത്തുമെന്നും എസ് എസ് എയുടെ അറിയിപ്പില്‍ പറയുന്നു. 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ഇങ്ങനെയൊരു വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.

മെഡികെയർ പാർട്ട് ബി പ്രീമിയത്തിൽ 3 ശതമാനം കുറവു വരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. രണ്ട് ആനുകൂല്യങ്ങളും ഒരേസമയം ലഭിക്കുന്നതിനാൽ സാധാരണക്കാർക്ക് അത് വലിയ ആശ്വാസം നൽകും. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ആക്റ്റിംഗ് കമ്മീഷണർ കിലൊലൊ കിജാക്സിയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ വർഷവും സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യത്തില്‍ വര്‍ദ്ധനവ് നൽകിയിരുന്നെങ്കിലും, മെഡികെയര്‍ പാർട്ട് ബി പ്രീമിയത്തിൽ വർദ്ധനവ് ഉണ്ടായതിനാൽ അതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല.