വാഷിംഗ്ടൺ: ലോകബാങ്കിന്റെയും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റേയും (ഐഎംഎഫ്), യോഗങ്ങളിൽ പങ്കെടുക്കാൻ വാഷിംഗ്ടണില്‍ എത്തിയ പാക്കിസ്താനില്‍ പുതുതായി നിയമിതനായ ധനമന്ത്രി ഇഷാഖ് ദാറിനെ വാഷിംഗ്ടൺ വിമാനത്താവളത്തിൽ രോഷാകുലരായ പ്രതിഷേധക്കാർ “നുണയൻ”, “ചോർ” (കള്ളൻ) എന്നീ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു.

എയർപോർട്ടിൽ എത്തിയ ഉടനെ രോഷാകുലരായ പ്രതിഷേധക്കാര്‍ “നിങ്ങൾ ഒരു നുണയനാണ്. നിങ്ങൾ ഒരു നുണയനാണ്”, “ചോർ-ചോർ (കള്ളന്‍, കള്ളന്‍)” എന്ന ആക്രോശത്തോടെയാണ് സ്വീകരിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നു. മന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ അശ്ലീല പ്രയോഗത്തിൽ രോഷാകുലരായ ദാറും അദ്ദേഹത്തിന്റെ സഹായികളും പ്രതികരിക്കുന്നുമുണ്ട്. ഇതാദ്യമായല്ല ഒരു പാക്കിസ്താന്‍ മന്ത്രി വിദേശ സന്ദർശനത്തിനിടെ പരസ്യമായി അധിക്ഷേപം നേരിടുന്നത്.

കഴിഞ്ഞ മാസം ലണ്ടനിലെ ഒരു കോഫി ഷോപ്പിൽ വച്ച് ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബിന് നേരെയും പ്രതിഷേധം നടത്തിയിരുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പാക്കിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മദീനയിലെ മസ്ജിദ്-ഇ-നബവി (Masjid-e-Nabawi) യില്‍ പ്രവേശിച്ചപ്പോഴും തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നു.

മസ്ജിദ്-ഇ-നബവിയിലേക്ക് പോകുന്ന പ്രതിനിധി സംഘത്തെ കണ്ട് തീർഥാടകർ “ചോർ ചോർ” [കള്ളന്മാർ] മുദ്രാവാക്യങ്ങൾ ഉയർത്തി. ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബും ദേശീയ അസംബ്ലി അംഗം ഷാസെയ്ൻ ബുഗ്തിയും മറ്റുള്ളവരോടൊപ്പം ഉണ്ടായിരുന്നു.

ആ സംഭവത്തില്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഔറംഗസേബ് പരോക്ഷമായി കുറ്റപ്പെടുത്തി. “ഈ പുണ്യഭൂമിയിൽ ഞാൻ ഈ വ്യക്തിയുടെ പേര് പറയില്ല. കാരണം, ഈ ഭൂമി രാഷ്ട്രീയത്തിനായി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അവർ പാക്കിസ്താന്‍ സമൂഹത്തെ നശിപ്പിച്ചു,” മറിയം ഔറംഗസേബ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.