കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയില്‍ ഇന്ത്യക്കാരായ സിഖ് കുടുംബത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. കേസിലെ പ്രതിയായ 48 കാരന്‍ ജീസസ് സല്‍ഗാഡോ നിരപരാധിത്വ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തന്നെ തുടരും. നവംബറില്‍ വീണ്ടും വാദം കേള്‍ക്കാനായി കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കെഎഫ്എസ്എന്‍ ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.

എട്ട് മാസം പ്രായമുള്ള കുഞ്ഞ് അരൂഹി ,അമ്മ ജസ്ലീന്‍ കൗര്‍, അച്ഛന്‍ ജസ്ദീപ് സിംഗ്, അമ്മാവന്‍ അമന്‍ദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതത്. ഒക്ടോബര്‍ 3 നാണ് സല്‍ഗാഡോ അവരെ ജോലിസ്ഥലത്ത് നിന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയതായത്. കുടുംബവുമായി ഏറെ നാളായി വൈരാഗ്യമുള്ള മുന്‍ ജീവനക്കാനാണ് പ്രതിയെന്ന് അധികൃതര്‍ അറിയിച്ചു. 2004 ല്‍ മോഷണം ആരോപിച്ച് ഇവരുടെ ട്രക്കിംഗ് ബിസിനസില്‍ നിന്ന് പ്രതിയായ സല്‍ഗാഡോയെ പിരിച്ചുവിട്ടിരുന്നു. ഇതാകാം വിദ്വേഷത്തിന് കാരണം. 

തട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറിനുള്ളില്‍ പ്രതികള്‍ കുടുംബത്തെ കൊലപ്പെടുത്തിയതായി തെളിഞ്ഞതായി യുഎസ് പോലീസ് പറഞ്ഞു. കൊലപാതകം, തീവെക്കല്‍, ലൈസന്‍സില്ലാതെ തോക്ക് കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.ഒക്ടോബര്‍ 6 ന് പിടികൂടിയതിന് ശേഷം പ്രതിയായ സല്‍ഗാഡോ ആത്മഹത്യയ്ക്ക് ശ്രമിതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കുറച്ച് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം പ്രതിയെ വീണ്ടും ജയിലിലടച്ചിരുന്നു.