ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 5ജി ഇൻഫ്രാസ്ട്രക്ച്ചർ ലോഞ്ച് ചെയ്‌തിട്ടുണ്ടെന്നും, ഇത് ആവശ്യമുള്ള മറ്റ് രാജ്യങ്ങൾക്കും നൽകാൻ കഴിയുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യാഴാഴ്‌ച പറഞ്ഞു. ജോൺസ് ഹോപ്‌കിൻസ് സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്‌റ്റഡീസിലെ (എസ്എഐഎസ്) വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

“ഇന്ത്യയുടെ 5ജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനിയും പൂർണമായി പൊതുജനങ്ങളിലേക്ക് എത്തിയിട്ടില്ല. ഞങ്ങളുടെ രാജ്യത്ത് അവതരിപ്പിച്ച 5ജി പൂർണ്ണമായും സ്വതന്ത്രമാണ്” നിർമ്മല സീതാരാമൻ പറഞ്ഞു. 5ജി സാങ്കേതിക വിദ്യയിലെ ചില ഭാഗങ്ങൾ ദക്ഷിണ കൊറിയയിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാവാം. എന്നാൽ പൂർണമായും ഇത് മറ്റാരുടേതുമല്ലെന്നും ധനമന്ത്രി പറഞ്ഞു.

“അതിനാൽ, ഞങ്ങളുടെ 5G മറ്റൊരിടത്തുനിന്നും ഇറക്കുമതി ചെയ്യുന്നതല്ല. ഇത് ഞങ്ങളുടെ സ്വന്തം ഉൽപ്പന്നമാണ്” സീതാരാമൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി അടുത്തിടെ തിരഞ്ഞെടുത്ത ചില ഇന്ത്യൻ നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 2024ഓടെ രാജ്യത്ത് മുഴുവൻ 5ജി സേവനം ലഭ്യമാക്കാൻ ശ്രമം നടക്കുന്നതായും, നിലവിലെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.