ന്യൂഡല്‍ഹി: പാക്കറ്റിലാക്കിയ റെഡി-ടു ഈറ്റ് പൊറോട്ടകള്‍ക്കും റൊട്ടിക്കും ചപ്പാത്തിക്കും ജിഎസ്ടി നല്‍കണമോ? നിങ്ങളുടെ കീശ കാലിയാക്കാന്‍ പോന്ന ഒരു പ്രഖ്യാപനത്തെക്കുറിച്ചാണ് ഇനി പറയുന്നത്. ഗുജറാത്തിലെ അപ്പലേറ്റ് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എഎഎആര്‍) പറയുന്നത് റൊട്ടിയും പൊറോട്ടയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അതിനാല്‍ പൊറോട്ടയ്ക്ക് നികുതി നല്‍കണമെന്നുമാണ്. എന്നാല്‍, രണ്ടിന്റെയും പ്രധാന ചേരുവ മൈദ ആയതിനാല്‍ നിരക്ക് കൂടാന്‍ കഴിയില്ലെന്നാണ് ഈ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ പറയുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയായ വാദിലാല്‍ ഇന്‍ഡസ്ട്രീസിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ തീരുമാനം. 20 മാസത്തിലേറെയായി വിഷയം കോടതിയുടെ പരിഗണനയിലായിരുന്നു.  ഇനി പൊറോട്ടയ്ക്ക് 18 ശതമാനം നികുതി ചുമത്തും. അതേസമയം, റൊട്ടിക്ക് 5 ശതമാനം ജിഎസ്ടി മാത്രമാണ് ഈടാക്കുന്നത്. തീരുമാനം പാക്ക് ചെയ്തതും ശീതീകൃതമായതുമായ പൊറോട്ടകള്‍ക്ക് മാത്രമാണ് ബാധകം. 

18% ജിഎസ്ടി ഈടാക്കും

വാദിലാല്‍ ഇന്‍ഡസ്ട്രീസ് പല തരത്തിലുള്ള ശീതീകൃതമായ റെഡി-ടു-കുക്ക് പൊറോട്ടകള്‍ ഉണ്ടാക്കുന്നുണ്ട്. റൊട്ടിയും പൊറോട്ടയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നായിരുന്നു കമ്പനിയുടെ വാദം. രണ്ടും മൈദ കൊണ്ട് മാത്രം ഉണ്ടാക്കുന്നതിനാല്‍ പൊറോട്ടയ്ക്കും 5 ശതമാനം ജിഎസ്ടി ചുമത്തണമെന്ന് കമ്പനി വാദിച്ചു. പൊറോട്ടയും റൊട്ടിയും ഉണ്ടാക്കുന്ന പ്രക്രിയ മാത്രമല്ല, അവയുടെ ഉപയോഗവും ഉപഭോഗ രീതികളും സമാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ AAAR കമ്പനിയുടെ വാദം തള്ളുകയും പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി നല്‍കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വന്നിട്ട് ഈ വര്‍ഷം ജൂലൈയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പരോക്ഷ നികുതി വ്യവസ്ഥയുടെ നിരക്ക് ഘടനയിലെ സങ്കീര്‍ണ്ണതകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന തര്‍ക്കങ്ങള്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ ഇപ്പോഴും പരിഹരിക്കുന്നു. സെപ്തംബര്‍ 15-ലെ പുതിയ വിധിന്യായത്തില്‍, ഗുജറാത്തിന്റെ മുന്‍കൂര്‍ തീരുമാനത്തിനായുള്ള AAAR പാക്കേജുചെയ്ത/ഫ്രോസണ്‍ ചെയ്ത പൊറോട്ടകളും റൊട്ടികളും തമ്മില്‍ വ്യക്തമായ വ്യത്യാസം വരുത്തി.  ഗോതമ്പിന്റെ അളവും 36 ശതമാനം മുതല്‍ 62 ശതമാനം വരെ വ്യത്യാസപ്പെടുന്നു.

റൊട്ടിക്കും പൊറോട്ടയ്ക്കും സാമാനമായി ഫ്‌ലേവേര്‍ഡ് പാലിന് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്ന കാര്യവും ഗുജറാത്ത് ജിഎസ്ടി വകുപ്പിന്റെ പരിഗണനയിലാണ്. അതേസമയം, സാധാരണ പാലിന് നികുതിയില്ല.