കൊറോണ ഭീതിയില്‍ വീണ്ടും ലോകം. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനായെന്ന് ലോകരാജ്യങ്ങള്‍ വീമ്പിളക്കുമ്പോഴാണ്, കൊറോണ എങ്ങും പോയിട്ടില്ലെന്നും പുതിയ രൂപത്തില്‍ വീണ്ടും എത്തിയിരിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതുകൊണ്ട് ജനങ്ങള്‍ ഇനിയും ജാഗ്രതപ്പെട്ടേ മതിയാകൂ. അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അടുത്തിടെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

കൊറോണയുടെ പുതിയ രണ്ട് വകഭേദങ്ങള്‍ കണ്ടെത്തി

രോഗികളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ദ്ധനവിന് പിന്നാലെ നടത്തിയ പഠനത്തിലാണ് കൊറോണയുടെ രണ്ട് പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ പുതിയ വേരിയന്റുകള്‍ക്ക് XBB, XBB പോയിന്റ് 1 എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ വകഭേദങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ രോഗവ്യാപനമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. നിലവിലെ വാക്‌സീനുകളുടെ ആന്റിബോധികള്‍ക്ക് പുതിയ വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കാനാകില്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. 

വാക്‌സിന്‍ ഫലപ്രദമല്ല

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ എങ്ങനെ പ്രതിരോധിക്കാനാകുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ഒമിക്രോണിന്റെ രണ്ട് വേരിയന്റുകളില്‍ നിന്നാണ് XBB വേരിയന്റ് ഉരുത്തിരിഞ്ഞതെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, വാക്‌സിന്‍ ഫലപ്രദമല്ലാത്ത കൊറോണയുടെ നിരവധി വകഭേദങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. 

ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും വകഭേദങ്ങള്‍ കണ്ടെത്തി

ചൈന, സിംഗപ്പൂര്‍, ബ്രിട്ടന്‍, അമേരിക്ക, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള 150- ഓളം പേരില്‍ രോഗബാധ കണ്ടെത്തി. പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 71 കേസുകളില്‍ ജീനോം XBB ബാധിച്ചതായി കണ്ടെത്തി.

ചൈനയില്‍ ജാഗ്രതാ നിര്‍ദേശം 

ചൈനയില്‍, കൊറോണ അണുബാധ തടയാന്‍ അടുത്തിടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. യുവാന്‍ പ്രവശ്യയിലായിരുന്നു നിയന്ത്രണങ്ങളധികവും ഏര്‍പ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ 10 ന് ചൈനയില്‍ 2,089 കൊറോണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓഗസ്റ്റ് 20 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ കണക്കാണിത്. ജനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ, സീറോ-കോവിഡ് നയത്തിലുടെ മുന്നോട്ട് പോവുകയാണ് ചൈന. അതീവ ജാഗ്രതയാണ് കൊറോണയ്‌ക്കെതിരെ ചൈന പുലര്‍ത്തുന്നത്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ കൊറോണ വൈറസുകളില്‍ നിന്നും രക്ഷ നേടാം.