കോട്ടയം: കോട്ടയത്ത് ഭര്‍ത്താവിന്റെ ക്രൂര ആക്രമണത്തിനിരയായി ഭാര്യ. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്റെ (42)  കൈകളാണ് ഭര്‍ത്താവ് വെട്ടിയത്. അമ്പലപ്പടിക്ക് സമീപം വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ മഞ്ജുവിന്റെ രണ്ട് കൈകളും വെട്ടിയത്. ഇടതു കൈ തണ്ടക്ക് വെട്ടേറ്റു. വലത് കൈയിലെ 3 വിരലുകള്‍ അറ്റുപോയി. ഗുരുതരാവസ്ഥയിലായ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മഞ്ചുവിന്റെ ചുണ്ടിനും വെട്ടേറ്റു.ഇത് തുന്നിച്ചേര്‍ത്തു. തലക്കും അടിയേറ്റ പരിക്കുണ്ട്. തോളെല്ലിനും വെട്ടേറ്റിട്ടുണ്ട്. വിരലുകള്‍ തുന്നിചേര്‍ക്കാന്‍ തുടര്‍ ശസ്ത്രക്രിയകള്‍ നടത്താനാണ് ശ്രമം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പ്രദീപിന്റെ പതിവാണെന്നും ഇന്ന് രാവിലെയും അത്തരത്തില്‍ വഴക്ക് നടന്നതായും നാട്ടുകാര്‍ പറയുന്നു. മഞ്ജുവിനെ വെട്ടുന്നതിനിടെ തടസം പിടക്കാനെത്തിയ കുട്ടിയെയും പ്രദീപ് ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ പ്രദീപ് വണ്ടിയില്‍ കടന്നുകളഞ്ഞു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.