അതിരാവിലെ വെറും വയറ്റിൽ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ആ ദിവസം നമുക്ക് എങ്ങനെ ആയിരിക്കും എന്ന് തീരുമാനിക്കുന്നത്. നമ്മൾ മലയാളികൾ പതിവായി ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചു കൊണ്ടായിരിക്കും. എന്നാൽ തേയിലയിലും കാപ്പിപ്പൊടിയിലും അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല എന്ന കാര്യം അറിയാമോ? ഇത്തരത്തിൽ വെറും വയറ്റിൽ നമ്മളിൽ പലരും പതിവായി കുടിക്കുന്ന ചില പാനീയങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. ഇവ ഏതൊക്കെയെന്നും, ഇവ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

1. ചായയും കാപ്പിയും: ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ എന്ന വസ്തു നമ്മുടെ ദഹനവ്യവസ്ഥയ്‌ക്ക് ദോഷകരമാണ്. വെറും വയറ്റിൽ നമ്മൾ ചായയോ കാപ്പിയോ കുടിച്ചാൽ, വയറ്റിലെ അമ്ലഘടകങ്ങളെ അവ ഉദ്ദീപിപ്പിക്കുകയും മുഴുവൻ ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് നെഞ്ചെരിച്ചിലിനും കാരണമാകുന്നു. നമ്മുടെ വയറിനുള്ളിൽ അകാരണമായ നീറ്റൽ അനുഭവപ്പെടാനും ഇത് കാരണമാകുന്നു. അതിനാൽ അതിരാവിലെ വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കാതിരിക്കുന്നതാണ് നല്ലത്.

2. മധുര പാനീയങ്ങൾ: രാവിലെ ഉറക്കമുണർന്ന ഉടൻ പഴച്ചാറുകൾ കഴിക്കുന്നത് ചിലരുടെ ശീലമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിലെ ഫ്രക്ടോസിന്റെ അളവ് കൂടുകയും കരളിനും പാൻക്രിയാസിനും അമിത സമ്മർദ്ദം ഏൽക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ കുടിക്കുന്നത്, രക്തത്തിലെ ഷുഗർ ലെവൽ കൂടാൻ കാരണമാകുന്നു. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല.

3. പുളിയുള്ള പാനീയങ്ങൾ: അതിരാവിലെ നാരങ്ങാ വെള്ളം, ഓറഞ്ച് ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിവ വെറും വയറ്റിൽ കഴിക്കുന്നവരുമുണ്ട്. ഇതും വയറ്റിൽ അസ്വസ്ഥത ഉണ്ടാകാൻ കാരണമാകും. പുളിച്ചുതികട്ടൽ ഉണ്ടാകാനുള്ള സാദ്ധ്യതയും ഉണ്ട്. അതിനാൽ, വെറും വയറ്റിൽ ഇത്തരം പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.