റോം: പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ചരക്കുവിമാനത്തിന്റെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ ടയര്‍ താഴേക്കുപതിച്ചു. ഇറ്റലിയിലെ ടറന്റോയില്‍നിന്ന് പറന്നുയര്‍ന്ന, അറ്റ്‌ലസ് എയറിന്റെ ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കുവീണത്. പ്രധാനമായും ബോയിങ് 787 ഡ്രീംലൈനറിന്റെ ഭാഗങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനം യു.എസിലെ ചാള്‍സ്റ്റണിലേക്ക് പുറപ്പെട്ടതായിരുന്നു.

ലാന്‍ഡിങ് ഗിയര്‍ ടയര്‍ താഴേക്കുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വിമാനം റണ്‍വേയില്‍നിന്ന് പറന്നുയരുന്നതും നിമിഷങ്ങള്‍ക്കകം ടയര്‍ നിലത്തേക്ക് വീഴുന്നതും കാണാം. ടയര്‍ വീഴുന്നതിനൊപ്പം കറുത്ത പുക ഉയരുന്നതും വീഡിയോയിലുണ്ട്. വിമാനം പിന്നീട് യു.എസില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചെന്നാണ് റിപ്പോർട്ട്. താഴെവീണ ടയര്‍ പിന്നീട് റണ്‍വേ അവസാനിക്കുന്ന ഭാഗത്തുനിന്ന് കണ്ടെത്തി.

ബോയിങ് 747-400 വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍. അത്യാവശ്യമുള്ള ക്രൂ അംഗങ്ങളെ അല്ലാതെ യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രീം ലിഫ്റ്ററിന് അനുവാദമില്ല. 2006 സെപ്റ്റംബറിലായിരുന്നു ഈ വിമാനത്തിന്റെ കന്നിപ്പറക്കല്‍.